|
കോടിക്കണക്കിന് രൂപയാണ് ഒരോ വര്‍ഷവും സ്വര്‍ണ കച്ചവടക്കാര്‍ പരസ്യത്തിനായി ചിലവഴിക്കുന്നത്. അക്ഷയ ത്രിതിയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ഉണ്ടാകുമെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. കച്ചവടത്തിനായി അന്ധ വിശ്വാസം അടിച്ചേല്‍പ്പിക്കുകയും കുറേപേര്‍ ഇതില്‍ വഞ്ചിതരാകുകയും ചെയ്യുകയാണ് കേരളത്തില്‍. പരശുരാമന്റെ ജന്മദിനമാണ് അക്ഷ്യതൃതിയ. ജൈന മതത്തില്‍ ഇത് അവരുടെ 24 തീര്‍ഥങ്കരന്‍മാരില്‍ ആദ്യ തീര്‍ഥങ്കരന്‍ ഋഷഭദേവ നീണ്ട ഉപവാസം നിര്‍ത്തി നീര് സേവിച്ച ദിനം. ഐതിഹ്യങ്ങള്‍ ഇങ്ങനെയിരിക്കെ ദാനം നല്‍കുവാന്‍ ഏറ്റവും പവിത്രമെന്ന് വിശ്വസിക്കുന്ന ഈ ദിവസമാണ് സ്വര്‍ണ്ണം വാങ്ങാന്‍ ഏറ്റവും പുണ്യദിനമെന്ന് പരസ്യം ചെയ്ത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, സ്വര്‍ണ്ണക്കച്ചവടക്കാര്‍ മലയാളിയെ പറ്റിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കച്ചവടക്കാരുള്ളത് കേരളത്തിലാണ്. അയ്യായിരത്തിലേറെ. കേരളത്തിലെ ഏത് പട്ടണത്തിലും 60-80 സ്വര്‍ണ്ണക്കച്ചവടക്കാര്‍ കാണും. വലിയ കച്ചവടക്കാര്‍ 75 മുതല്‍ 85 കി.ഗ്രാം സ്വര്‍ണ്ണം സ്റ്റോക്കുള്ളവരാണ്. കേന്ദ്ര എക്സൈസ് വകുപ്പിന്റെ ലൈസന്‍സ് ലഭിച്ചവര്‍ക്കു മാത്രമേ പണ്ട് സ്വര്‍ണ്ണക്കട തുടങ്ങാന്‍ കഴിയുമായിരുന്നുള്ളു. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ആര്‍ക്കും തുടങ്ങാം.
കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി അംഗീകരിച്ച ബാങ്കുകള്‍ വഴിയോ മെറ്റല്‍സ് ആന്റ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ വഴിയോ ആണ് കച്ചവടക്കാരന് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുക. അങ്ങനെയാകുമ്പോള്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെയും വിറ്റഴിയുന്ന സ്വര്‍ണ്ണത്തിന്റെയും കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടും. കണക്കു കൃത്യമാണെങ്കില്‍, വില്‍പ്പന നികുതി കൃത്യമായി പിരിച്ചെടുക്കുകയാണെങ്കില്‍, നല്ലൊരു തുക സ്വര്‍ണ്ണക്കച്ചവടക്കാരന്‍ വഴി ഖജനാവിലെത്തും. എന്നാല്‍ അതൊന്നും നടക്കാറില്ല. നികുതി പിരിച്ചെടുക്കാറുമില്ല. |