Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
മാര്‍ സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യു കെ 'നസ്രത്തി'ലേക്കുള്ള തീര്‍ത്ഥാടനം ജൂലൈ 20 ന്; മരിയഭക്തര്‍ക്കു സ്വാഗതമോതി വാല്‍ത്സിങ്ങാം
അപ്പച്ചന്‍ കണ്ണഞ്ചിറ
ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങളായ റോം, ജെറുശലേം, സന്ത്യാഗോ തുടങ്ങിയവയോടൊപ്പം മഹനീയ സ്ഥാനം വഹിക്കുന്നതും, ഇംഗ്ലണ്ടിലെ 'നസ്രത്ത്' എന്ന് പ്രശസ്തവുമായ, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കും. ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സീറോ മലബാര്‍ സഭയുടെ ഈ മഹാ തീര്‍ത്ഥാടനത്തിന് മുഖ്യകാര്‍മ്മികത്വവും, നേതൃത്വവും അരുളുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സഭാ സമൂഹത്തിന്റെ ആത്മീയ,അജപാലന,വിശ്വാസ-ക്ഷേമ പരിപാടികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും, ഭാവവും നല്‍കി സുവിശേഷ വല്‍ക്കരണത്തിന്റെ പാഥയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്റെ ആല്മീയ കര്‍മ്മ മണ്ഡലത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ശ്രദ്ധേയമായ ചുവടുറപ്പിച്ചു കഴിഞ്ഞു. യു കെ യിലെ പ്രവാസ മണ്ണില്‍ വിവിധ മാതൃ പുണ്യ കേന്ദ്രങ്ങളില്‍ മരിയന്‍ വിശ്വാസത്തിനു സാക്ഷ്യമേകുവാനും പ്രാര്‍ത്ഥിക്കുവാനും അവസരങ്ങള്‍ ഒരുക്കി വരുന്ന ജോസഫ് പിതാവ്, ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുമ്പോള്‍, മൂന്നാമത് വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം മരിയ ഭക്തി സാന്ദ്രമാകും എന്ന് തീര്‍ച്ച.
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് പരിശുദ്ധ അമ്മക്ക് നല്‍കപ്പെട്ട മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് മാതാവിന്റെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് 'നസ്രത്ത്' അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന വാല്‍ത്സിങ്ങാമില്‍ ഈ വര്‍ഷത്തെ തിരുന്നാളിന് പ്രസുദേന്തിത്വവും, ആതിഥേയത്വവും വഹിക്കുക ഈസ്റ്റ് ആന്ഗ്ലിയായിലെ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യുനിട്ടിയാണ്.
റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെന്‍ട്രി എട്ടാമന്‍ അടക്കം പല രാജാക്കന്മാരും, പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും നഗ്‌ന പാദരായിട്ട് പല തവണ തീര്‍ത്ഥാടന യാത്ര ചെയ്തു പോന്ന മരിയ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാം ക്രമേണ കൂടുതല്‍ വിഖ്യാതമാവുകയും, ആഗോള മാതൃഭക്ത തീര്‍ത്ഥാടകര്‍ക്കു ആത്മീയ അനുഗ്രഹ അഭയ കേന്ദ്രവുമാവുകയും ആയിരുന്നു. അക്കാലത്ത് പാദ രക്ഷകള്‍ അഴിച്ചു വെക്കുന്ന ചാപ്പല്‍ എന്ന നിലക്ക് സ്ലിപ്പര്‍ ചാപ്പല്‍ എന്ന് നാമകരണം ലഭിക്കുകയും ചെയ്ത സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോള്‍ ഉള്ളത്.
മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി മരിയ ഭക്തര്‍ നടത്തുന്ന തീര്‍ത്ഥാടനം ഏവര്‍ക്കും അനുഗ്രഹദായകമാകും. ഉദ്ദിഷ്ടകാര്യ ഫലസിദ്ധിയും, ഉത്തരവും ലഭിക്കുമെന്നു പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കുകയും, അത് അനുഭവേദ്യമാവുകയും ചെയ്തു പോരുന്ന ഈ പുണ്യകേന്ദ്രം മലയാളി മാതൃ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായിക്കഴിഞ്ഞു.
ആയിരങ്ങള്‍ മാതാവിന്റെ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും, ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയന്‍ തീര്‍ത്ഥാടനത്തില്‍ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ മക്കളെയും പ്രതീക്ഷിക്കുന്നതായും, ഏവരും മുന്‍കൂട്ടി അവധി ക്രമീകരിച്ചു മഹാതീര്‍ത്ഥാടനത്തില്‍ പങ്കാളികളാവണമെന്നും മാര്‍ സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം തീര്‍ത്ഥാടനത്തിന്റെ ആല്മീയ സഹകാരികളായ ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ.ജോസ് അന്ത്യാംകുളം, പ്രസുദേന്തിമാരായ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യുണിറ്റിക്കുവേണ്ടി ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരും അഭ്യര്‍ത്ഥിച്ചു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
 
Other News in this category

 
 




 
Close Window