കാണ്‍പുര്‍: ബന്ധുക്കളെ യാത്രയാക്കാനും ലഗേജ് കയറ്റിവയ്ക്കാനും വന്ദേഭാരത് എക്‌സ്പ്രസില്‍ കയറിയവര്‍ ഓട്ടോമാറ്റിക് വാതിലുകള്‍ അടഞ്ഞതോടെ ട്രെയിനിനുള്ളില്‍ കുടുങ്ങി. നവംബര്‍ 15ന് കാണ്‍പുര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ബനാറസ്‌ന്യൂഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് സംഘത്തില്‍നിന്ന് യാത്രാനിരക്കും പിഴയുമായി ആകെ 36,140 രൂപ ഈടാക്കിയതായി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ട്രെയിനില്‍ കയറിയവര്‍ക്ക് തിരിച്ചിറങ്ങാന്‍ കഴിയുന്നതിനു മുമ്പ് വാതിലുകള്‍ അടയുകയും യാത്ര ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങാന്‍ സഹായം ആവശ്യപ്പെട്ടതോടെ റെയില്‍വേ അധികൃതര്‍ ഇടപെട്ടു. പതിവ് സ്റ്റോപ്പില്ലാത്ത ഇറ്റാവ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയാണ് സംഘത്തെ ഇറക്കിയത്.
റെയില്‍വേ സംരക്ഷണസേനയുടെയും റെയില്‍വേ പൊലീസിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ 12 മുതിര്‍ന്നവരും ഒരു കുട്ടിയും സാധുവായ യാത്രാടിക്കറ്റില്ലാതെ സഞ്ചരിച്ചതായി കണ്ടെത്തിയെന്ന് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. ശിവം ശര്‍മ വ്യക്തമാക്കി. തുടര്‍ന്നാണ് നിശ്ചിത യാത്രാനിരക്കും പിഴയും ഈടാക്കിയത്. സാധുവായ യാത്രാടിക്കറ്റുള്ളവര്‍ മാത്രമേ ട്രെയിനില്‍ കയറാവൂ എന്നും ബന്ധുക്കളെ യാത്രയാക്കാനെത്തുന്നവര്‍ കോച്ചുകള്‍ക്കുള്ളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും റെയില്‍വേ അഭ്യര്‍ഥിച്ചു. വന്ദേഭാരതിലെ വാതിലുകള്‍ സുരക്ഷയുടെ ഭാഗമായി സ്വയം അടയുന്നതിനാല്‍ സമയത്ത് ഇറങ്ങാനായില്ലെങ്കില്‍ ഇത്തരത്തില്‍ കുടുങ്ങാനിടയുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.