ഗുജറാത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിന് നടുവില്‍ പെരുമഴയത്ത് യോഗാസനം ചെയ്ത യുവതിക്കാണ് ഒടുവില്‍ പണികിട്ടിയത്. ചുവന്ന നിറത്തിലുള്ള യോഗാവസ്ത്രമണിഞ്ഞ് ഇരുകാലുകളും പരമാവധി വിരിച്ച് വച്ച് ഹനുമാന്‍ ആസനമാണ് യുവതി നടുറോഡില്‍ ചെയ്തത്. വീഡിയോ വൈറലായതോടെ ദിയ പാര്‍മര്‍ എന്ന യുവതിയാണ് യോഗാസനം ചെയ്തതെന്ന് കണ്ടെത്തി. ദിനയുടെ യോഗാസനം കാരണം വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോവാനാവാതെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. എന്നാല്‍ സംഭവം ഗുജറാത്ത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിക്കുള്ള പണി പിന്നാലെയെത്തി.
തിരക്കുള്ള റോഡില്‍ അപകടരമാംവിധം പെരുമാറിയ യുവതി ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ഗുജറാത്ത് പോലീസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.തന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ യുവതി താന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന ആളാണെന്നും മറ്റുള്ളവരോടും നിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. പൊതുഇടങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. പിഴ ഈടാക്കിയ ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്. |