ട്രൂപ്പിംഗ് ദി കളറില്‍ പങ്കെടുത്ത് വെയില്‍സ് രാജകുമാരി കെയ്റ്റ്. കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം പൊതുവേദിയിലെ പ്രത്യക്ഷപ്പെടല്‍ ആരാധകര്‍ക്ക് ആശ്വാസമായി. ഫെബ്രുവരി അവസാനത്തോടെയാണ് കാന്‍സര്‍ രോഗത്തിനു ചികിത്സ തുടങ്ങിയത്. അതിനു ശേഷം ആദ്യമായാണ് രാജകുമാരി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. കെയ്റ്റിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമെന്നത് രാജാവിനെ സന്തോഷിപ്പിക്കുന്നതായി കൊട്ടാര വക്താവും പറഞ്ഞു. പ്രധാനമന്ത്രി റിഷി സുനാകും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും വാര്‍ത്തയെ സോഷ്യല്‍ മീഡിയയില്‍ സ്വാഗതം ചെയ്തു.
മൂന്ന് മക്കള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കെയ്റ്റ് മിഡില്‍ടണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫ്ളൈപാസ്റ്റ് വീക്ഷിക്കുകയും ചെയ്യും. രാജാവിനും, രാജ്ഞിക്കും പുറമെ ഭര്‍ത്താവ് വില്ല്യമിനും, മറ്റ് രാജകുടുംബാംഗങ്ങള്‍ക്കും ഒപ്പമാകും കെയ്റ്റ് ബാല്‍ക്കണിയില്‍ എത്തുക.
'രാജാവിന്റെ ബര്‍ത്ത്ഡേ പരേഡില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. സമ്മറില്‍ ഏതാനും പൊതുചടങ്ങുകളിലും പങ്കുചേരാമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന് അറിയാം. ക്ഷമയോടെ, ഈ അനിശ്ചിതത്വത്തെ നേരിടാന്‍ പഠിക്കുകയാണ്. ഓരോ ദിവസവും വരുന്ന പോലെ സ്വീകരിച്ച്, ശരീരം പറയുന്നത് കേട്ട്, സ്വയം സൗഖ്യം നേടാനുള്ള സമയം അനുവദിക്കുകയാണ്', കെയ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു. |