നിലവില്‍ വിവാഹിതനായ ഒരു വ്യക്തി മറ്റൊരു സ്ത്രീയുമായി ലിവിംഗ് ഇന്‍ റിലേഷനിലേര്‍പ്പെടുമ്പോള്‍ ആ ബന്ധത്തിന് നിയമസാധുത ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൂടാതെ ആ സ്ത്രീയുടെ സ്വത്തിന്മേല്‍ പുരുഷന് അവകാശം ഉന്നയിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ആര്‍ എം ടി ടീക്ക രാമന്‍ ആണ് വിധി പ്രസ്താവിച്ചത്. റാണിപേട്ട് സ്വദേശിയായ പി. ജയചന്ദ്രന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതയും ഉണ്ടെങ്കിലും നിയമത്തിന്റെ മുമ്പില്‍ വിവാഹ ബന്ധം നിയമപരമായി തുടരും. എന്നാല്‍ ലിവ് ഇന്‍ റിലേഷന്റെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ പിന്‍മാറുന്നതോടെ ഈ ബന്ധം അവസാനിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരനായ ജയചന്ദ്രന്‍ ഒരു സ്‌കൂള്‍ അധ്യാപകനാണ്. സ്റ്റെല്ല എന്നാണ് ഇയാളുടെ ഭാര്യയുടെ പേര്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് അഞ്ച് കുട്ടികളുമുണ്ട്. ഇദ്ദേഹം സ്‌കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന മാര്‍ഗരറ്റ് അരുള്‍മൊഴിയുമായി ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്നു. 2010ല്‍ ഇയാള്‍ അരുള്‍മൊഴിയുടെ പേരില്‍ കുറച്ച് സ്ഥലം എഴുതി നല്‍കി. എന്നാല്‍ 2013ല്‍ അരുള്‍മൊഴി മരിച്ചതിന് പിന്നാലെ ഈ കരാര്‍ ഇദ്ദേഹം ഏകപക്ഷീയമായി റദ്ദാക്കി. |