കാണാതായ 'ക്രിപ്റ്റോക്വീന്‍' എന്നറിയപ്പെടുന്ന ജര്‍മന്‍ സ്വദേശി റുജ ഇഗ്‌നാറ്റോവ(44)യെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് മില്ല്യണ്‍ ഡോളറായി(ഏകദേശം 41.7) ഉയര്‍ത്തി. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ബള്‍ഗേറിയയില്‍ ജനിച്ച ജര്‍മന്‍ പൗരയായ ഇവര്‍ വണ്‍കോയിന്‍ എന്ന പേരില്‍ 4.5 ബില്ല്യണ്‍ ഡോളറിന്റെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ് നടത്തിയതിന് എഫ്ബിഐയുടെ അന്വേഷണം നേരിടുകയാണ്.
2017ല്‍ യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തെങ്കിലും ആ വര്‍ഷം മുതല്‍ അവരെ കാണാതായി. ബള്‍ഗേറിയന്‍ അധോലോകവുമായുള്ള അവരുടെ ബന്ധവും തിരോധാനത്തില്‍ ഉള്‍പ്പെട്ട മാഫിയ സംഘം അവരെ കൊലപ്പെടുത്താനുള്ള സാധ്യതയും വ്യക്തമാക്കുന്ന പോഡ്കാസ്റ്റും ഡോക്യുമെന്ററിയും അടുത്തിടെ ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു.
എങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇഗ്‌നോറ്റോവയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള പത്തുപേരില്‍ ഒന്നായി 2022-ല്‍ അവരുടെ പേര് ചേര്‍ത്തിരുന്നു. അന്ന് അവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) ആയിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 2.5 ലക്ഷം ഡോളറായി ഉയര്‍ത്തി. ബുധനാഴ്ച ഈ തുക 20 മടങ്ങായി വര്‍ധിച്ചിപ്പിച്ചിരിക്കുകയാണ്.
''ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട'ക്രിപ്‌റ്റോക്വീന്‍' എന്നറിയപ്പെടുന്ന ജര്‍മ്മന്‍ സ്വദേശി റുജ ഇഗ്‌നാറ്റോവയുടെ അറസ്റ്റിലേക്ക് അല്ലെങ്കില്‍ ശിക്ഷയിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഞങ്ങള്‍ 5 മില്യണ്‍ ഡോളര്‍ വരെ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു,'' എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. |