Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് രക്തബാങ്കില്‍ രൂക്ഷക്ഷാമം, രണ്ടു ലക്ഷം ദാതാക്കളെ അടിയന്തരമായി ആവശ്യമുണ്ട്
reporter

ലണ്ടന്‍: എന്‍എച്ച്എസ് രക്തബാങ്കിലെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ അടിയന്തരമായി രണ്ടു ലക്ഷം രക്തദാതാക്കളെക്കൂടി ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പുതിയ ദാതാക്കളെത്തിയില്ലെങ്കില്‍ എന്‍എച്ച്എസിലെ ഈ പ്രതിസന്ധി താമസിയാതെ രൂക്ഷമാകുമെന്നാണ് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ബോഡി മുന്നറിയിപ്പു നല്‍കുന്നത്. കഴിഞ്ഞവര്‍ഷം മുതല്‍ ആരോഗ്യ മേഖല ഇക്കാര്യത്തില്‍ അംബര്‍ വാണിങ്ങിലാണ്. കോവിഡ് മഹാമാരിക്കു ശേഷമാണ് രക്തദാതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും കരുതല്‍ ശേഖരം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മാറിയതും. എന്‍എച്ച്എസിന് പതിവായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് ഇപ്പോള്‍ എട്ടു ലക്ഷത്തോളമാണ്. ഇത് പത്തുലക്ഷത്തിനു മുകളിലേക്ക് എത്തിയാല്‍ മാത്രമേ ആവശ്യത്തിന് കരുതല്‍ ശേഖരം ഉറപ്പാക്കാനാകൂ. രോഗികളുടെ എണ്ണം വര്‍ധിച്ചതും ദാതാക്കളുടെ എണ്ണം കുറഞ്ഞതുമാണ് കരുതല്‍ ശേഖരത്തില്‍ ഇത്രയേറെ കുറവു വരാന്‍ കാരണമെന്ന് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജോ ഫരാര്‍ വ്യക്തമാക്കി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റെഡ് അലേര്‍ട്ടിലേക്ക് കാര്യങ്ങളെത്തുന്ന സമയം വിദൂരമല്ലെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.

നിലവില്‍ ഒ-നെഗറ്റീവ് രക്തത്തിനാണ് ഏറ്റവുമധികം ക്ഷാമം. 1.6 ദിവസത്തേക്കുള്ള ഒ-നെഗറ്റീവ് രക്തം മാത്രമാണ് എന്‍എച്ച്എസിന്റെ കരുതല്‍ ശേഖരത്തില്‍ നിലവിലുള്ളത്. മറ്റ് ഗ്രൂപ്പുകളുടെ കരുതല്‍ ശേഖരം 4.3 ദിവസത്തേക്കും. ദാതാക്കളില്‍ നിന്നും ലഭിക്കുന്ന രക്തത്തിന്റെ മൂന്നില്‍ രണ്ടും പതിവായി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആവശ്യമുള്ള കാന്‍സര്‍ രോഗികള്‍ക്കും മറ്റുമായാണ് ഉപയോഗിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്നവരെയാണ് എന്‍എച്ച്എസ് സ്ഥിരം ദാതാക്കളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ കേവലം രണ്ടു ശതമാനം മാത്രമാണ്. ഈ സ്ഥിതി മാറി, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രക്തദാനത്തിന് സന്നദ്ധതയോടെ മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രി ബാരോണ്‍സ് മെറോണ്‍ അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window