ലണ്ടന്‍: ഇറാന്‍ ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടന്‍ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങള്‍ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി ബ്രിട്ടന്‍ നീങ്ങുകയാണ്.ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകവെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രധാന മന്ത്രി ?കെയര്‍ സ്റ്റാര്‍മര്‍, സംഘര്‍ഷം ലഘൂകരിക്കാനുള്ള തന്റെ ആഹ്വാനം ആവര്‍ത്തിച്ചെങ്കിലും ആയുധ നീക്കത്തെ സാധൂകരിച്ച് സംസാരിച്ചു. ഇസ്രായേല്‍ ഇറാനെ ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, ഡോണള്‍ഡ് ട്രംപ് എന്നിവരുള്‍പ്പെടെ മറ്റ് ലോക നേതാക്കളുമായി താന്‍ നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായും സ്റ്റാര്‍മര്‍ പറഞ്ഞു.
'ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ആസ്തികള്‍ ഞങ്ങള്‍ മാറ്റുകയാണ്. അത് മേഖലയിലെ അടിയന്തര സഹായത്തിനാണ്. യു.കെക്ക് വേണ്ടി ഞാന്‍ എപ്പോഴും ശരിയായ തീരുമാനങ്ങള്‍ എടുക്കും'- ഇസ്രായേലിന്റെ സഹായത്തിനെത്തിയ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ താവളങ്ങള്‍ക്കെതിരായ ഇറാന്‍ ഭീഷണികളോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്റ്റാര്‍മര്‍ പറഞ്ഞു.ഇറാനില്‍ നിന്നുള്ള പ്രതികാര ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ വഴിതിരിച്ചുവിടാന്‍ ഇസ്രായേലിനെ സഹായിക്കുന്നതില്‍ യു.കെക്ക് പങ്കാളിയാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, 'ഇവ വ്യക്തമായും പ്രവര്‍ത്തനപരമായ തീരുമാനങ്ങളാണ്. സാഹചര്യം തുടരുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ ഞാന്‍ കൃത്യമായ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍, ഞങ്ങള്‍ ആയുധ സന്നാഹത്തെ നീക്കുകയാണ്. ജെറ്റുകള്‍ ഉള്‍പ്പെടെ ഇതിനകം തന്നെ മേഖലയിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. അത് മേഖലയിലുടനീളം അടിയന്തര പിന്തുണക്കായിട്ടാണ്' -എന്നായിരുന്നു മറുപടി.