Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അനാവശ്യമെന്ന് സര്‍ക്കാര്‍
reporter

ലണ്ടന്‍: എന്‍.എച്ച്.എസ് ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനയ്ക്കായി അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരത്തിന് ഡോക്ടര്‍മാര്‍. ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് സമരം പിന്‍വലിപ്പിക്കാനായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ 30 വരെ രാജ്യത്തെ ആരോഗ്യമേഖല അപ്പാടെ സ്തംഭിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ നീളുന്ന തുടര്‍ പ്രതിസന്ധിക്കും വഴിവയ്ക്കും. 2023-24 കാലയളവില്‍ 11 വ്യത്യസ്ത വാക്കൗട്ട് സമരങ്ങളിലൂടെയാണ് ഡോക്ടര്‍മാര്‍ അത്യാവശ്യം ഭേദപ്പെട്ട ശമ്പള വര്‍ധന സ്വന്തമാക്കിയത്. ഈ സമരങ്ങള്‍ എന്‍.എച്ച്.എസില്‍ സൃഷ്ടിച്ച പ്രതിസന്ധി തല്‍ക്കാലം മാറിവരുന്നതിനിടെയാണ് വീണ്ടും ഡോക്ടര്‍മാരുടെ സമര കാഹളം. 2024ല്‍ 22 ശതമാനം ശമ്പള വര്‍ധനയാണ് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ നിലവിലെ ശമ്പളം സീനിയോരിറ്റിയും ഗ്രേഡും അനുസരിച്ച് 37,000 പൗണ്ട് മുതല്‍ 70,000 പൗണ്ട് വരെയാണ്. ഇതിനു പുറമെ ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ 5.4 ശതമാനം വര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അപര്യാപ്തമാണെന്നും കൂടുതല്‍ വര്‍ധന വേണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരരംഗത്തേക്ക് പ്രവേശിക്കുന്നത്.

കഴിഞ്ഞവര്‍ത്തെ 22 ശതമാനം വര്‍ധനയും ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ള 5.4 ശതമാനം വര്‍ധനയും ചേര്‍ത്താലും 2008ലെ ശമ്പളമൂല്യം നിലവില്‍ ഡോക്ടര്‍മാര്‍ക്ക് ഇല്ലെന്നാണ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. ഇതാണ് അസോസിയേഷനെ സമരത്തിലേക്ക് നയിക്കുന്ന ന്യായം. എന്നാല്‍ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട് ന്യായീകരണം ഇല്ലാത്തതാണെന്നും സമരം അനാവശ്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സമരത്തെ എല്ലാ സംവിധാനങ്ങളോടെയും നേരിടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമരം രാജ്യത്തെ രോഗികളെ വലയ്ക്കുമെന്നും രാജ്യത്തെ ആരോഗ്യമേഖലയെ വര്‍ഷങ്ങളോളം പിന്നോട്ട് കൊണ്ടുപോകുമെന്നും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.

സമരം ഒഴിവാക്കാന്‍ മെഡിക്കല്‍ അസോസിയേഷനുമായി അടുത്തയാഴ്ച വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അവസരം ഒരുക്കുന്നുണ്ട്. ചര്‍ച്ച വിജയിക്കുമെന്ന പ്രതീക്ഷയാണ് മന്ത്രി പങ്കുവയ്ക്കുന്നതെങ്കിലും മികച്ച ഡീല്‍ ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് ഡോക്ടര്‍മാര്‍ക്കുള്ളത്. ഡോക്ടര്‍മാരുടെ തുടര്‍ച്ചയായ സമരം അവസാനിപ്പിച്ച് ലേബര്‍ സര്‍ക്കാര്‍ തന്നെയാണ് കഴിഞ്ഞവര്‍ഷം 22 ശതമാനം ശമ്പള വര്‍ധന അനുവദിച്ചത്. പിന്നാലെ ഇപ്പോള്‍ 5.4 ശതമാനം വര്‍ധന അനുവദിച്ചിട്ടും സമരത്തില്‍ നിന്നും പിന്മാറണമെന്ന ലേബര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന ഡോക്ടമാര്‍ മാനിക്കുന്നില്ല. സ്‌കോട്ട്‌ലന്‍ഡിലെയും നോര്‍തേണ്‍ അയര്‍ലന്‍ഡിലെയും ഡോക്ടര്‍മാര്‍ ഈ സമരത്തിനൊപ്പമില്ല. ശമ്പള വര്‍ധനയ്ക്കായി അവര്‍ അതാത് പ്രാദേശീക സര്‍ക്കാരുകളുമായി ചര്‍ച്ചയിലാണ്.

 
Other News in this category

 
 




 
Close Window