Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
ഗസയില്‍ ഗുരുതര രോഗികളായ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ വിസമ്മതിച്ചതിന് യുകെ സര്‍ക്കാരിനെതിരേ നിയമനടപടി
reporter

ലണ്ടന്‍: ഗസ്സയിലെ ഗുരുതര രോഗികളായ കുട്ടികളെ വൈദ്യസഹായത്തിനായി ഏറ്റെടുക്കാന്‍ വിസമ്മതിച്ച യുകെ സര്‍ക്കാരിനെതിരെ നിയമനടപടി ആരംഭിച്ചു. മൂന്ന് കുട്ടികളെ പ്രതിനിധാനം ചെയ്ത് ലേ ഡേ എന്ന നിയമ സ്ഥാപനം ഫോറിന്‍ ഓഫീസിനും ഹോം ഓഫീസിനും എതിരെ കേസ് ഫയല്‍ ചെയ്തു. ഗസ്സയിലെ യുദ്ധബാധിത പ്രദേശത്ത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുക്കാതെയാണ് യുകെ മന്ത്രിമാര്‍ ഏറ്റെടുക്കല്‍ അഭ്യര്‍ത്ഥനകള്‍ നിരസിച്ചതെന്ന് കേസില്‍ ആരോപിക്കുന്നു. 1990-കളിലെ ബോസ്‌നിയന്‍ യുദ്ധത്തിലും യുക്രൈന്‍ സംഘര്‍ഷത്തിലും യുകെ കുട്ടികളെ ഏറ്റെടുത്ത് ചികിത്സ നല്‍കിയിരുന്നതിന് വിപരീതമാണ് ഗസ്സയിലെ നിലവിലെ നിലപാടെന്ന് നിയമസംഘം വാദിക്കുന്നു. 'ഗസ്സയിലും സമീപ പ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങളെ പിന്തുണക്കുന്നുവെന്നും സ്വകാര്യ ഫണ്ട് ഉപയോഗിച്ച് യുകെയില്‍ ചികിത്സക്ക് വിസ ലഭ്യമാണെന്നും യുകെ സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഗസ്സയിലെ കുട്ടികളുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സംവിധാനങ്ങള്‍ അപര്യാപ്തമാണ്.' ലേ ഡേയിലെ അഭിഭാഷക കരോലിന്‍ ഓട്ട് പറഞ്ഞു.

മെയ് മാസത്തില്‍ പ്രോജക്ട് പ്യൂര്‍ ഹോപ്പ് എന്ന ദുരിതാശ്വാസ സംഘടനയുടെ സഹായത്തോടെ രണ്ട് കുട്ടികള്‍ യുകെയില്‍ ചികിത്സക്കായി എത്തിയിരുന്നു. ഇത് സ്വകാര്യ ഫണ്ടിംഗിലൂടെയായിരുന്നു. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ഗസ്സ-യുകെ പദ്ധതി വഴിയുള്ള അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗസ്സയില്‍ 12,500 രോഗികള്‍ക്ക് അടിയന്തര വൈദ്യ ഒഴിപ്പിക്കല്‍ ആവശ്യമാണ്. ഇതില്‍ 4,984 കുട്ടികളാണ്. നിലവില്‍ യുകെ ഗസ്സയില്‍ നിന്ന് വൈദ്യ സഹായത്തിനായി ഒഴിപ്പിച്ച് കൊണ്ടുവരുന്ന ആളുകളെ സ്വീകരിക്കുന്ന രാജ്യമായി മുന്നോട്ടുവന്നിട്ടില്ല. മന്ത്രിമാരുടെ നിഷ്‌ക്രിയത്വം ഗുരുതര രോഗികളായ കുട്ടികളെ ജീവന്‍ രക്ഷിക്കുന്ന ചികിത്സയില്‍ നിന്ന് അകറ്റുന്നുവെന്ന് കേസില്‍ ആരോപിക്കുന്നു. ഫോറിന്‍ ഓഫീസും ഹോം ഓഫീസും ഈ നിയമനടപടിക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 
Other News in this category

 
 




 
Close Window