Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ സമരത്തില്‍
reporter

ലണ്ടന്‍: എന്‍.എച്ച്.എസ് ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനയ്ക്കായി ഇന്നു രാവിലെ മുതല്‍ അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരത്തിന് ഡോക്ടര്‍മാര്‍. ജൂണിയര്‍ ഡോക്ടര്‍മാര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനായി നടത്തിയ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് മുന്‍ നിശ്ചയപ്രകാരം സമരത്തിന് ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്. ഡോക്ടര്‍മാര്‍ വാക്കൗട്ട് നടത്തുന്നതോടെ രാജ്യത്തെ ആരോഗ്യമേഖല അപ്പാടെ സ്തംഭിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ നീളുന്ന തുടര്‍ പ്രതിസന്ധിക്കും വഴിവയ്ക്കും. സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഇന്നലെ രാത്രിയും പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെര്‍ ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചു. യൂണിയന്‍ തീരുമാനത്തിനു വഴങ്ങി സമരത്തിലൂടെ ആരോഗ്യമേഖലയെ തളര്‍ത്താന്‍ കൂട്ടുനില്‍ക്കരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. എന്‍.എച്ച്.എസിനും രാജ്യത്തിനും ഇത് വലിയ നഷ്ടത്തിന് ഇടയാക്കും. സമരത്തിലേക്ക് തിടുക്കത്തില്‍ നീങ്ങിയ യൂണിയനെ വിമര്‍ശിക്കാനും പ്രധാനമന്ത്രി തയാറായി. എന്നാല്‍ സമരം അനിവാര്യമാണ് എന്നായിരുന്നു ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ പ്രതികരണം.

ഇന്നു രാവിലെ ഏഴു മുതല്‍ ബുധനാഴ്ച രാവിലെ ഏഴു വരെയാണ് അഞ്ചുദിവസം നീളുന്ന വാക്കൗട്ട് സമരം. കഴിഞ്ഞയാഴ്ച മുതല്‍ ആരംഭിച്ച വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് സമരം എന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ യൂണിയന്‍ തയാറായത്. സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളുന്നത് ഉള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീതകരിച്ചിരുന്നെങ്കിലും ശമ്പള വര്‍ധന എന്ന പ്രധാന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതാണ് ചൊവ്വാഴ്ച ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്.

2023-24 കാലയളവില്‍ 11 വ്യത്യസ്ത വാക്കൗട്ട് സമരങ്ങളിലൂടെയാണ് ഡോക്ടര്‍മാര്‍ അത്യാവശ്യം ഭേദപ്പെട്ട ശമ്പള വര്‍ധന സ്വന്തമാക്കിയത്. ഈ സമരങ്ങള്‍ എന്‍.എച്ച്.എസില്‍ സൃഷ്ടിച്ച പ്രതിസന്ധി തല്‍ക്കാലം മാറിവരുന്നതിനിടെയാണ് വീണ്ടും ഡോക്ടര്‍മാരുടെ സമര കാഹളം. 2024ല്‍ 22 ശതമാനം ശമ്പള വര്‍ധനയാണ് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ നിലവിലെ ശമ്പളം സീനിയോരിറ്റിയും ഗ്രേഡും അനുസരിച്ച് 37,000 പൗണ്ട് മുതല്‍ 70,000 പൗണ്ട് വരെയാണ്. ഇതിനു പുറമെ ഈവര്‍ഷം ഓഗസ്റ്റ് മുതല്‍ 5.4 ശതമാനം വര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അപര്യാപ്തമാണെന്നും കൂടുതല്‍ വര്‍ധന വേണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരരംഗത്തേക്ക് പ്രവേശിക്കുന്നത്.

കഴിഞ്ഞവര്‍ത്തെ 22 ശതമാനം വര്‍ധനയും ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ള 5.4 ശതമാനം വര്‍ധനയും ചേര്‍ത്താലും 2008ലെ ശമ്പളമൂല്യം നിലവില്‍ ഡോക്ടര്‍മാര്‍ക്ക് ഇല്ലെന്നാണ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. ഇതാണ് അസോസിയേഷനെ സമരത്തിലേക്ക് നയിക്കുന്ന ന്യായം. എന്നാല്‍ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട് ന്യായീകരണം ഇല്ലാത്തതാണെന്നും സമരം അനാവശ്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സമരത്തെ എല്ലാ സംവിധാനങ്ങളോടെയും നേരിടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമരം രാജ്യത്തെ രോഗികളെ വലയ്ക്കുമെന്നും രാജ്യത്തെ ആരോഗ്യമേഖലയെ വര്‍ഷങ്ങളോളം പിന്നോട്ട് കൊണ്ടുപോകുമെന്നും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. ഡോക്ടര്‍മാരുടെ തുടര്‍ച്ചയായ സമരം അവസാനിപ്പിച്ച് ലേബര്‍ സര്‍ക്കാര്‍ തന്നെയാണ് കഴിഞ്ഞവര്‍ഷം 22 ശതമാനം ശമ്പള വര്‍ധന അനുവദിച്ചത്. പിന്നാലെ ഇപ്പോള്‍ 5.4 ശതമാനം വര്‍ധന അനുവദിച്ചിട്ടും സമരത്തില്‍ നിന്നും പിന്മാറണമെന്ന ലേബര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന ഡോക്ടമാര്‍ മാനിക്കുന്നില്ല.

 
Other News in this category

 
 




 
Close Window