Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
പ്രണയം തകര്‍ത്തത് ജീവിതവും കരിയറും, കോടതിയില്‍ കരഞ്ഞ് തളര്‍ന്ന് ഇരുപത്തിയേഴുകാരി
reporter

ലണ്ടന്‍: കോടതി മുറിക്കുള്ളില്‍ റോഥര്‍ഹാമില്‍ നിന്നുള്ള 27 വയസ്സുകാരി ഒലിവിയ ജോണ്‍സണ്‍ പൊട്ടിക്കരയുമ്പോള്‍ കരിയറും ജീവിതവും തകര്‍ത്ത പ്രണയത്തെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാകും. തെറ്റിന്റെ വ്യാപ്തി കുറയ്ക്കുന്നതിനോ വിധിന്യായത്തില്‍ മാറ്റം വരുത്തുന്നതിനോ ആ കണ്ണീര്‍ കാരണമായില്ല. ഒലിവിയ, നിങ്ങള്‍ ചെയ്ത കുറ്റം ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് ജഡ്ജി റിക്കോര്‍ഡര്‍ റിച്ചഡ് ക്രിസ്റ്റി കെ.സി പറയുമ്പോഴും ഒലിവിയുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിയുകയായിരുന്നു. ജയില്‍ ഓഫിസറായിരുന്ന ഒലിവിയയുടെ ജീവിതം മാറ്റിമറിച്ചത് 2022 സെപ്റ്റംബര്‍ 23ന് സഫോക്കിലെ എച്ച്എംപി ഹൈപോയിന്റ് ജയിലിലേക്ക് പ്രവേശിക്കുന്നതിനിടെ നടത്തിയ പരിശോധനയായിരുന്നു. ഒലിവിയയുടെ കയ്യില്‍ നിന്ന് അധികൃതര്‍ 35,000 പൗണ്ട് വിലവരുന്ന 'സ്‌പൈസ്' എന്ന സിന്തറ്റിക് ലഹരി പിടികൂടിയതോടെ പുറത്തുവന്നത് ഒരു 'വല്ലാത്ത പ്രണയത്തിന്റെ' കഥയായിരുന്നു.

ന്മ ജയിലിനുള്ളിലെ പ്രണയം ഒട്ടേറെ കുറ്റകൃത്യങ്ങളുടെ പേരില്‍ 12 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് ഗ്യാങ്സ്റ്റര്‍ ജാവല്‍ ടെയ്ലര്‍ ജയിലിനുള്ളിലായത്. ഇവിടെ വച്ചാണ് ജാവല്‍ ഒലിവിയെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലായതോടെ ജയില്‍ ഓഫിസറായ ഒലിവിയ നിയമപാലനത്തിന്റെ ലോകത്ത് നിന്ന് മാറി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് സഞ്ചാരം തുടങ്ങുകയായിരുന്നു. ജാവലിന്റെ നിര്‍ദ്ദേശം പ്രകാരം ഒലിവിയ പല തവണ ലഹരിമരുന്ന് ജയിലിനുള്ളിലേക്ക് കടത്തി. ഇതിനായി പ്രതിഫലവും ലഭിച്ചു. ജാവല്‍ ടെയ്ലറുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും 11 തവണ ഒലിവിയ തുക കൈപറ്റിയതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പണം കൈപ്പറ്റിയതായും തെളിഞ്ഞു. ന്മ പരിശോധന കണ്ട് മുങ്ങാന്‍ നോക്കി, പക്ഷേ? മൂന്ന് വര്‍ഷമായി എച്ച്എംപി ഹൈപോയിന്റില്‍ ജോലി ചെയ്തിരുന്ന ഒലിവിയ ഒരു ദിവസം അപ്രതീക്ഷിതമായി പരിശോധന നടക്കുന്നത് കണ്ടപ്പോള്‍ തിരികെ പോകാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ ഈ നീക്കം തടഞ്ഞു. ബാഗില്‍ പരിശോധിക്കാന്‍ പാടില്ലാത്ത എന്തെങ്കിലും ഉണ്ടോ എന്ന് അധികൃതര്‍ ചോദിച്ചപ്പോള്‍ ഒലിവിയ ബാഗില്‍ ലഹരിമരുന്ന് ഉണ്ടെന്ന് സമ്മതിച്ചു.

ബാഗില്‍ നിന്ന് 88 ഷീറ്റ് സിന്തറ്റിക് കന്നാബിനോയിഡ് അടങ്ങിയ പേപ്പര്‍ കണ്ടെത്തി. ഒരു ഷീറ്റിന് 400 പൗണ്ട് വിലവരുന്ന ഈ ലഹരിമരുന്നിന്റെ ആകെ മൂല്യം 35,200 പൗണ്ടാണ്. ഒലിവിയ ജോണ്‍സന്റെ കാറില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ ജാവല്‍ ടെയ്ലറുമായി നടത്തിയ സന്ദേശങ്ങള്‍ കണ്ടെടുത്തു. ഇരുവരുടെയും പ്രണയ സംഭാഷണങ്ങളും ജയിലിലേക്ക് നിരോധിത സാധനങ്ങള്‍ കൊണ്ടുവരുന്ന നീക്കവുമെല്ലാം മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളില്‍ നിന്ന് ലഭിച്ചു. ന്മ പണം കൈപറ്റിയതിനും തെളിവുകള്‍ ഒലിവിയ ജോണ്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 2021 ഡിസംബര്‍ ഒന്നിനും 2022 സെപ്റ്റംബര്‍ അഞ്ചിനും ഇടയില്‍ ടിയാഗന്‍ ടര്‍ട്ടണ്‍ 11 തവണകളായി 14,461 പൗണ്ട് നല്‍കിയെന്ന് കണ്ടെത്തി. കൂടാതെ, 2022 ജനുവരി ആറിനും മാര്‍ച്ച് ഒന്നിനും ഇടയില്‍ ഡീവോണ്‍ മില്ലര്‍ എന്നയാള്‍ 410 പൗണ്ട് നല്‍കി. ഡീവോണ്‍ മില്ലര്‍ ജാവല്‍ ടെയ്ലറുടെ ബന്ധുവാണെന്നത് തെളിഞ്ഞതോടെ ഒലിവിയ്ക്ക് കുരുക്ക് മുറുകി. ലഹരിമരുന്ന് ജയിലിലേക്ക് കടത്തുന്നത് ജയിലിന്റെ അച്ചടക്കത്തെയും തടവുകാരുടെയും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നതാണ്. തടവുകാരുടെ പുനരധിവാസത്തിന് വിഘാതമായ ഈ കുറ്റകൃത്യം ചെയ്തതിന് ഒലിവിയെ മൂന്നര വര്‍ഷം തടവിന് ശിക്ഷിക്കുന്നതിനായി ജഡ്ജി റിക്കോര്‍ഡര്‍ റിച്ചഡ് ക്രിസ്റ്റി കെസി വിധിയെഴുതിയത്.

 
Other News in this category

 
 




 
Close Window