Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം, വേദനയില്‍ സഹോദരി
reporter

ലണ്ടന്‍: വിമാന അപകടത്തില്‍ മരിച്ച സഹോദരന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹം ലഭിച്ചത് കുടുംബത്തിന്റെ വേദന വര്‍ധിപ്പിക്കുന്നുവെന്ന് സഹോദരനെ നഷ്ടപ്പെട്ട യുവതി. ജൂണ്‍ 12ന് നടന്ന അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച ഫിയോംഗല്‍ ഗ്രീന്‍ലോ-മീക്കിന്റെ സഹോദരി അര്‍വെന്‍ ഗ്രീന്‍ലോ ആണ് സഹോദരന്റെ മൃതദേഹം തെറ്റായി ലഭിച്ചതില്‍ വേദന അറിയിച്ചത്. രാജ്യാന്തര മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഹമ്മദാബാദില്‍ ജൂണ്‍ 12ന് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നുണ്ടായ വിമാന അപകടത്തില്‍ ഒരു യാത്രക്കാരനൊഴിച്ച് 241 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 53 ബ്രിട്ടിഷ് പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഇന്ത്യയില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച ശേഷം ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്ന ഫിയോംഗല്‍ ഗ്രീന്‍ലോ-മീക്കും (39) ഭര്‍ത്താവ് ജാമിയും (45) ഉള്‍പ്പെടുന്നു.

അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ഹോസ്പിറ്റലാണ് ഡിഎന്‍എ സാംപിള്‍ ശേഖരണം നടത്തിയത്. തുടര്‍ന്ന് ഗ്രീന്‍ലോ-മീക്കിന്റെ അമ്മ അമാന്‍ഡ ഡൊണാഗെ തന്റെ മകന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഇന്ത്യയില്‍ എത്തുകയും ഡിഎന്‍എ സാംപിള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ജൂലൈ 5 ന്, ലണ്ടനില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മകന്റെ അവശിഷ്ടങ്ങള്‍ അല്ല ഇതെന്ന് തെളിയുകയായിരുന്നു. ഇത് ഹൃദയഭേദകമാണെന്ന് ഗ്രീന്‍ലോ-മീക്കിന്റെ അമ്മ അമാന്‍ഡ പറഞ്ഞു. 'തന്റെ സഹോദരന്റെ മൃതദേഹം തെറ്റായി അടയാളപ്പെടുത്തിയതില്‍ തങ്ങള്‍ നീതി ലഭിക്കണം. അവശിഷ്ടങ്ങള്‍ ആരോ തെറ്റായി ലേബല്‍ ചെയ്തു - അത് ആഘാതം വര്‍ധിപ്പിച്ചു,' അര്‍വെന്‍ ഗ്രീന്‍ലോ പറഞ്ഞു. എയര്‍ ഇന്ത്യ വിമാനത്തില്‍ കയറുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ്, ഗ്രീന്‍ലോ-മീക്കും ഭര്‍ത്താവ് ജാമിയും ഇവരുടെ സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. ഇന്ത്യയില്‍ ചെലവഴിച്ച നിമിഷത്ത 'മാന്ത്രികമായ അനുഭവം' എന്നാണ് ഇവര്‍ വിഡിയോയില്‍ വിശേഷിപ്പിച്ചത്.

മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ തെറ്റുണ്ടായെന്ന് കുടുംബം നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതികരിച്ച ഇന്ത്യന്‍ സര്‍ക്കാര്‍, ആശങ്കകളും പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യുകെ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് നിലവിലുള്ള പ്രോട്ടോക്കോളും സാങ്കേതിക ആവശ്യകതകളും അനുസരിച്ചാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്നും എല്ലാ മൃതദേഹങ്ങളും അതീവ ശ്രദ്ധയോടും അന്തസ്സോടും കൂടിയാണ് കൈകാര്യം ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ യുകെ അധികൃതരുമായി തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിമാന അപകടത്തില്‍ യാത്രക്കാരും ജീവനക്കാരും വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന ആളുകളും ഉള്‍പ്പെടെ 270 പേരാണു മരിച്ചത്. 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം 32 സെക്കന്‍ഡിനകം തകര്‍ന്നുവീഴുകയായിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിത ജി.നായരും (40) ഉള്‍പ്പെടെ 229 യാത്രക്കാരും 2 പൈലറ്റുമാരടക്കം12 ജീവനക്കാരും മരിച്ചു. മെഡിക്കല്‍ കോളജിനു സമീപത്തെ വീടുകളിലേക്കും വിമാനഭാഗങ്ങള്‍ ചിതറിത്തെറിച്ചു. ഹോസ്റ്റല്‍ കന്റീനില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അപകടം.

 
Other News in this category

 
 




 
Close Window