Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
കാഴ്ചക്കുറവും മദ്യപാനവും, ബ്രിട്ടനില്‍ ഡ്രൈവിങ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു
reportter

ലണ്ടന്‍: ബ്രിട്ടനില്‍ ഒരു വര്‍ഷം അപകടങ്ങളില്‍ 1600 പേരുടെ ജീവന്‍ റോഡുകളില്‍ പൊലിയുന്നതായിട്ടാണ് കണക്കുകള്‍. ഇതിന് മാറ്റം വരുത്താനും അപകടങ്ങള്‍ ഒഴിവാക്കാനുമായി സര്‍ക്കാര്‍ റോഡ് സേഫ്റ്റി സ്ട്രാറ്റജി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന സേഫ്റ്റി സ്ട്രാറ്റജിയില്‍ ഉള്‍പ്പെടുത്തി പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു മുമ്പുള്ള കണ്ണ് പരിശോധന കര്‍ശനമാക്കുന്നതാണ് പരിഷ്‌കരണങ്ങളില്‍ ഒന്നാമത്തേത്. ഇവര്‍ക്ക് ഡിമെന്‍ഷ്യ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കും. അടുത്തിടെ നടന്ന നാല് അപകടമരണങ്ങളില്‍ ഡ്രൈവര്‍മാരുടെ കാഴ്ചക്കുറവ് കാരണമായെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് ഈ മാറ്റത്തിനു പിന്നിലെ പ്രേരകശക്തി.

സ്‌കോട്ട്‌ലന്‍ഡിലേതുപോലെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിലെ പോയിന്റ് നഷ്ടമാകുന്ന സംവിധാനം ഇംഗ്ലണ്ടിലും വെയില്‍സിലും നടപ്പാക്കാനാണ് മറ്റൊരു ആലോചന. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുകൊണ്ടു മാത്രം മരിക്കുന്നവരുടെയും ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെയും എണ്ണം വളരെയേറെയാണ്. ഇത്തരക്കാരെ ചികിത്സിക്കാന്‍ എന്‍എച്ച്എസിന് ചെലവാകുന്ന തുക അതിഭീമമാണ്. പ്രതിവര്‍ഷം രണ്ട് ദശലക്ഷം പൗണ്ടോളമാണ് റോഡപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സ തേടുന്നവര്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഡ്രിങ്ക്- ഡ്രൈവിങ് ലിമിറ്റില്‍ മാറ്റം വരുത്താനാണ് മറ്റൊരു ആലോചന. നിലവില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് രക്തത്തില്‍ അനുവദനീയമായ ആല്‍ക്കഹോളിന്റെ അളവ് നൂറു മില്ലിലിറ്ററില്‍ 35 മൈക്രോ ഗ്രാം എന്നതാണ്. ഇത് 22 മൈക്രോ ഗ്രാം ആയി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ 2014 മുതല്‍ ഇത് പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഇംഗ്ലണ്ടില്‍ കുതിച്ചുയരുകയാണ്. 2023ല്‍ 8200 പേരാണ് ഇത്തരത്തില്‍ മരിച്ചത്. 2019നെക്കാള്‍ 42 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കണക്കില്‍ ഉണ്ടായത്. കോവിഡ് മഹാമാരിക്കു ശേഷമാണ് ഈ പ്രവണത വര്‍ധിച്ചതെന്ന് ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ് യുകെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 55നും 75നും മധ്യേ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവരില്‍ ഏറെയും എന്നാണ് കണക്കുകള്‍. ഇവയെല്ലാം കണക്കിലെടുത്താണ് ഡ്രിങ്ക്- ഡ്രൈവിങ് ലിമിറ്റ് 22 മൈക്രോഗ്രാമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

 
Other News in this category

 
 




 
Close Window