Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യൂറോപ്പില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, ബ്രിട്ടനും ചൂടുപിടിക്കുന്നു
reporter

ബര്‍ലിന്‍: യൂറോപ്പില്‍ റെക്കോര്‍ഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടില്‍ പലയിടങ്ങളിലും കാട്ടുതീ. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ സൈനികര്‍ ഉള്‍പ്പെടെ ഒന്നിലധികം പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. അല്‍ബേനിയയില്‍ വിവിധയിടങ്ങളിലായി 40തിലധികം തീപിടിത്തങ്ങള്‍ ഉണ്ടായി. അയല്‍രാജ്യമായ മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറിക്കയില്‍ തീ പിടിത്തമുണ്ടായി. പര്‍വതങ്ങളില്‍ തീ അണയ്ക്കാന്‍ വിന്യസിച്ച ടാങ്ക് മറിഞ്ഞാണ് ഒരു സൈനികന്‍ മരിച്ചത്. അപകടത്തില്‍ മറ്റൊരു സൈനികന് പരുക്കേറ്റു. ഐബീരിയന്‍ ഉപദ്വീപില്‍ ഉഷ്ണതരംഗം കാട്ടുതീയുടെ സാധ്യത ഉയര്‍ത്തി. പോര്‍ച്ചുഗലിലെ അഗ്‌നിശമന സേനാംഗങ്ങള്‍ മൂന്ന് വലിയ തീപിടിത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സ്‌പെയിനിലെ മാഡ്രിഡിന് സമീപമുണ്ടായ തീപിടിത്തം കനത്ത കാറ്റിനെ തുടര്‍ന്ന് വ്യാപകമായി പടര്‍ന്നതോടെ പ്രദേശവാസികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മോളസുവേലസ് ഡി ലാ കാര്‍ബല്ലെഡയില്‍ (കാസ്‌ററില്ല വൈ ലിയോണ്‍) തീ അണയ്ക്കാന്‍ സഹായിക്കാന്‍ ശ്രമിച്ച ഒരാളും മരിച്ചു.

ഗ്രീസില്‍ കഴിഞ്ഞ ദിവസം മാത്രം 82 തീ പിടിത്തമാണ് റജിസ്റ്റര്‍ ചെയ്തത്. 33 അഗ്‌നിശമന വിമാനങ്ങളും 4,800ലധികം അഗ്‌നിശമന സേനാംഗങ്ങളെയുമാണ് തീ അണയ്ക്കാന്‍ വിന്യസിച്ചത്. 15 അടിയന്തര ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജര്‍മനിയില്‍ ഉഷ്ണതരംഗം ഉയര്‍ന്ന ഉഷ്ണതരംഗ മര്‍ദ്ദമായ ജൂലിയ തെക്കു പടിഞ്ഞാറന്‍ ജര്‍മനിയിലെത്തി. വിവിധ ഇടങ്ങളില്‍ പകല്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് എത്തി. താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും കൂടും. വെയിലത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സൂര്യനില്‍ നിന്ന് നേരിട്ട് ചൂട് ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം.

വരും ദിവസങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ആകാശം കൂടുതല്‍ മേഘാവൃതമായിരിക്കും. മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ജര്‍മനിയില്‍ ഉഷ്ണതരംഗം തുടരും. ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ പകല്‍ താപനില വരും ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. നോര്‍ത്ത് റൈന്‍-വെസ്‌ററ്ഫാലിയയുടെ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫില്‍ വ്യാഴാഴ്ച മുതല്‍ റൈന്‍ നദിയില്‍ നീന്തല്‍ നിരോധനം പ്രാബല്യത്തില്‍ വരും. റൈന്‍ നദീതീരത്തുള്ള മുഴുവന്‍ നഗരപ്രദേശത്തിനും നിരോധനം ബാധകമാണ്. ലംഘനങ്ങള്‍ക്ക് 1,000 യൂറോ വരെ പിഴ ചുമത്തും.

ഹെസ്സിയന്‍ ആരോഗ്യ മന്ത്രി ഡയാന സ്‌റേറാള്‍സ് താപനില ഉയരുന്നതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ചൂട് കാലാവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണം. ലോവര്‍ സാക്‌സോണിയില്‍ കാട്ടുതീ അപകട സൂചിക ഉയര്‍ന്നതാണ്. ജര്‍മന്‍ വെതര്‍ സര്‍വീസ് ഫോറസ്‌ററ് ഫയര്‍ അപകട സൂചിക അനുസരിച്ച്, ലോവര്‍ സാക്‌സോണിയിലെ എട്ട് മോണിറ്ററിങ്ങ് സ്റ്റേഷനുകള്‍ നിലവില്‍ രണ്ടാമത്തെ ഉയര്‍ന്ന അപകട നിലയിലാണ്. ജര്‍മന്‍ തലസ്ഥാനത്തിലൂടെ കടന്നു പോകുന്ന സ്പ്രീ നദിയില്‍ തണുത്ത വെള്ളത്തില്‍ മുങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സീന്‍ നദിയില്‍ 100 വര്‍ഷത്തിനുശേഷം കഴിഞ്ഞ മാസം മുതല്‍ നീന്താന്‍ അനുവദിച്ചിട്ടുണ്ട്. യൂറോപ്പിലുടനീളം വ്യാപിച്ച ഉഷ്ണതരംഗം ജര്‍മനിയിലും ശക്തി പ്രാപിച്ചതോടെ രാജ്യത്തെ എയര്‍ കണ്ടീഷണറുകളുടെ വില്‍പന വര്‍ധിച്ചിട്ടുണ്ട്. വേനല്‍ച്ചൂട് സകല റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നത് എസി വിപണിയെ ഉഷാറാക്കിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window