Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വച്ച് ഭാര്യയെ ഗുരുതരമായി പരുക്കേല്‍പ്പിച്ച മലയാളി റിമാന്‍ഡില്‍
reporter

ലണ്ടന്‍: യുകെയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ മാന്നാര്‍ സ്വദേശി ഷിബു മാത്യൂസ് (51) റിമാന്‍ഡില്‍. വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കത്തി കൊണ്ട് ഭാര്യയെ തുടരെ തുടരെ കുത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് ലിങ്കണ്‍ഷെയര്‍ പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ നോട്ടിങ്ഹാം ഹോസ്പിറ്റലില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയ വനിത ഇപ്പോള്‍ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പാണ് ഷിബുവും കുടുംബവും യുകെയില്‍ എത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത പ്രതിയെ ലിങ്കണ്‍ കോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഹാജരാക്കി. അടുത്ത കോടതി വിചാരണ വരെയാണ് റിമാന്‍ഡ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കോടതി പ്രതിയെ റിമാന്‍ഡില്‍ വിട്ടതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഷിബുവിനെ റിമാന്‍ഡ് ചെയ്ത കോടതി കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇനി എന്നാണ് കേസ് കോടതി പരിഗണിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല. അന്വേഷണത്തിന് സാവകാശം ആവശ്യമായതിനാലും ആശുപത്രിയില്‍ കഴിയുന്ന ഷിബുവിന്റെ ഭാര്യയുടെ മൊഴിയെടുക്കാന്‍ കാലതാമസമുണ്ടാകും എന്നതിനാലും അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷമേ ഇനി കോടതി വിസ്താരവും വിചാരണയുമൊക്കെ ആരംഭിക്കാനായി തീയതി നല്‍കൂ എന്നാണ് അറിയാന്‍ സാധിക്കുന്നത്.

സംഭവത്തിന് ദൃക്‌സാക്ഷിയായ കൗമാരക്കാരിയായ മകളുടെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് സൂചന. കേസ് കോടതിയിലെത്തിയ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡന പരാതിയായതിനാല്‍ കടുത്ത ശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നതെന്നാണ് സൂചന. കൂടാതെ പുതിയ നിയമമനുസരിച്ച് യുകെയില്‍ നിന്നുള്ള നാടുകടത്തലും നേരിടേണ്ടിവരും. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഒരാള്‍ യുകെയില്‍ മാതാപിതാക്കളോടൊപ്പവും മറ്റൊരാള്‍ നാട്ടിലുമാണ്. പിതാവ് ജയിലിലും മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായതോടെ യുകെയിലുള്ള മകളെ സോഷ്യല്‍ കെയര്‍ സംരക്ഷണത്തില്‍ പൊലീസ് ആക്കിയിരിക്കുകയാണ്. ഷിബുവും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ പലപ്പോഴും വഴക്കുണ്ടാകുമ്പോള്‍ അയല്‍വാസികള്‍ പൊലീസിനെ വിളിച്ച സംഭവം മുന്‍പുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഭാര്യ കോട്ടയം സ്വദേശിയാണ്. ഇരുവരുടെയും വീടുകളില്‍ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window