ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന് പരാതിയുമായി യുവതി. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെയാണ് പരാതി നല്‍കിയത്. ദിനിലിനെ തള്ളി വേഫെറര്‍ ഫിലിംസ് രംഗത്തെത്തി. അതേസമയം പരാതി വ്യാജമാണെന്നും ഹണി ട്രാപ്പിനുള്ള ശ്രമമാണ് യുവതി നടത്തിയതെന്നും ദിനില്‍ ബാബു പ്രതികരിച്ചു.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. വേഫറെര്‍ ഫിലിംസിന്റെ അടുത്ത ചിത്രമായ പറവയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണണമെന്നും കമ്പനിയുടെ ഓഫീസിലേക്ക് എത്തണമെന്നും ദിനില്‍ ബാബു ആവശ്യപ്പെട്ടതായി യുവതി പറയുന്നു.
റൂമില്‍ കയറിയ ഉടനെ ഇയാള്‍ ഡോര്‍ ലോക്ക് ചെയ്തു. പുറകില്‍ നിന്ന് പിടിച്ചു. തട്ടിമാറ്റിയിട്ട് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. ഇതിന് നിന്നില്ലെങ്കില്‍ ഇനി മലയാള സിനിമയില്‍ എന്നല്ല, സിനിമയിലേ ഇടമുണ്ടാകില്ലെന്നും വഴങ്ങിയേ മതിയാകൂവെന്നും ദിനില്‍ ബാബു പറഞ്ഞതായും യുവതി പറയുന്നു. |