|
കാഞ്ചീപുരത്തെ പുരാതനമായ ശ്രീ വരദരാജ പെരുമാള്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ കൊത്തിവെച്ചിട്ടുള്ള സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള പല്ലികളുടെ കൊത്തുപണികള്‍ കാണാതായെന്ന ആരോപണം ക്ഷേത്രം അധികൃതര്‍ നിഷേധിച്ചു.
ചെന്നൈയില്‍ നിന്ന് ഏകദേശം 79 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഈ വൈഷ്ണവ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിന് എത്തുന്നത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും കൊത്തിയ പല്ലികളുടെ വിഗ്രഹങ്ങളെ സ്പര്‍ശിക്കാതെ ക്ഷേത്ര സന്ദര്‍ശനം പൂര്‍ണ്ണമാവില്ല എന്നാണ് വിശ്വാസം. പരിശുദ്ധവും കുറ്റമറ്റതുമായ ജീവിതത്തിനായാണ് ഭക്തര്‍ ഇത്തരത്തില്‍ ദിവ്യാനുഗ്രഹം തേടുന്നത്.
ക്ഷേത്ര നവീകരണ സമയത്ത് സ്വര്‍ണ്ണം, വെള്ളി പല്ലികളുടെ രൂപങ്ങള്‍ നീക്കം ചെയ്യുകയും പകരം മറ്റൊന്ന് സ്ഥാപിക്കുകയും ചെയ്തു എന്ന് ഒരു ക്ഷേത്ര പ്രവര്‍ത്തകനാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍, വിഗ്രഹങ്ങള്‍ അവയുടെ സ്ഥാനത്ത് തന്നെ ഉണ്ടെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. |