|
പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അഞ്ച് പേരെ കൂടി ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ലൂവ്രെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയില്‍ നടന്ന കവര്‍ച്ചയില്‍ 102 മില്യണ്‍ ഡോളറിന്റെ ആഭരണങ്ങളാണ് (ഏകദേശം 856 കോടി രൂപ) നഷ്ടമായയത്. നഷ്ടപ്പെട്ടവയില്‍ നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രണ്ടാമത്തെ ഭാര്യയുടെ അമൂല്യരത്നങ്ങള്‍ പതിച്ച വിവാഹ സമ്മാന സെറ്റും കീരിടവും അടക്കമുണ്ട്.
പാരീസിന്റെ വിവിധ ഭാഗങ്ങളിലായി ഒരേസമയമാണ് അഞ്ച് പേരുടെയും അറസ്റ്റ് നടന്നത്. വന്‍ കവര്‍ച്ചയെ കുറിച്ചുള്ള അന്വേഷണം വിപുലീകരിച്ചതിന്റെ ഭാഗമായാണ് ഈ ഓപ്പറേഷന്‍ നടന്നതെന്ന് ജുഡീഷ്യറി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാവിലെ മ്യൂസിയം തുറന്ന് മിനുറ്റുകള്‍ക്കുള്ളിലാണ് കവര്‍ച്ച നടന്നത്. മ്യൂസിയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തൊഴിലാളികളുടെ വേഷത്തിലെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി സ്‌കൂട്ടറുകളില്‍ രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, ഇക്കാര്യത്തില്‍ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. മ്യൂസിയത്തിന്റെ മുകളിലത്തെ നിലയില്‍ അതിക്രമിച്ചു കയറിയതായി സംശയിക്കുന്ന രണ്ട് പേരെ കഴിഞ്ഞയാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. കവര്‍ച്ചയില്‍ തങ്ങളുടെ പങ്ക് ഇരുവരും ഭാഗികമായി സമ്മതിച്ചിട്ടുണ്ടെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കുവോ പറഞ്ഞു. |