|
ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്‌റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ് മംദാനി.
ഉഗാണ്ടയില്‍ ജനിക്കുകയും ന്യൂയോര്‍ക്ക് സിറ്റിയില്‍ വളരുകയും ചെയ്ത 34-കാരനായ മംദാനി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമാണ്. ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും ഉഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ്. മേയറായാല്‍, സ്ഥിരവാടകക്കാരുടെ വാടക ഉടന്‍ മരവിപ്പിക്കുമെന്നും, ന്യൂയോര്‍ക്കുകാര്‍ക്ക് ആവശ്യമായ ഭവനങ്ങള്‍ നിര്‍മ്മിക്കാനും വാടക കുറയ്ക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും മംദാനി വാഗ്ദാനം ചെയ്തു. വേഗമേറിയതും സൗജന്യവുമായ ബസ്സുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട്, മേയര്‍ എന്ന നിലയില്‍ എല്ലാ സിറ്റി ബസ്സുകളിലും നിരക്ക് ശാശ്വതമായി ഒഴിവാക്കുമെന്നും, അതിലുപരി ബസ് മുന്‍ഗണനാ പാതകള്‍ അതിവേഗം നിര്‍മ്മിച്ച്, ക്യൂ ജമ്പ് സിഗ്‌നലുകള്‍ വികസിപ്പിച്ച്, ഡെഡിക്കേറ്റഡ് ലോഡിംഗ് സോണുകള്‍ സ്ഥാപിച്ചു ഇരട്ട പാര്‍ക്കിംഗിനെ ഒഴിവാക്കി യാത്രകള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. 6 ആഴ്ച മുതല്‍ 5 വയസ്സ് വരെയുള്ള എല്ലാ ന്യൂയോര്‍ക്കുകാര്‍ക്കും സൗജന്യ ശിശുപരിപാലനം നടപ്പിലാക്കും. ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാതീതമായ സാഹചര്യത്തില്‍, ലാഭമുണ്ടാക്കാതെ വില കുറച്ചു നിര്‍ത്താന്‍ ശ്രദ്ധിക്കുന്ന സിറ്റി ഉടമസ്ഥതയിലുള്ള പലചരക്ക് കടകളുടെ ഒരു ശൃംഖല മേയര്‍ എന്ന നിലയില്‍ സ്ഥാപിക്കും. |