| 
                       വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 10.30ന് അപകടം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഇറ്റലിയിലെ നാപ്പോളിയിന്‍ നാല് നിലയുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഷെയര്‍ റൂമില്‍ താമസിക്കുകയായിരുന്നു നിതിന്‍. ഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗുകള്‍ കളയുന്നതിനായി കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വന്ന ശേഷം മുകള്‍ നിലയിലേക്ക് സ്റ്റെയര്‍കേസ് കയറി മടങ്ങുമ്പോഴാകാം അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. 
 
രണ്ടാം നിലയിലെ സ്റ്റെപ്പില്‍ നിതിന്റെ ഒരു ചെരിപ്പ് കണ്ടെത്തിയതിനാല്‍ അവിടെ വച്ചാകാം കാല്‍ വഴുതി വീണത് എന്ന് കരുതപ്പെടുന്നു. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് തലയടിച്ചു വീണതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ പരുക്ക് ആണ് മരണ കാരണം. താഴെ കാല്‍ വഴുതി വീണതിന് ദൃക്‌സാക്ഷികള്‍ ഇല്ലങ്കിലും നിതിന്‍ നിലത്തു വീഴുന്ന ശബ്ദം കേട്ട് സമീപത്തെ മുറികളില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ്, പൊലീസ് സഹായങ്ങള്‍ തേടി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. 
 
ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിന് ശേഷം രണ്ട് വര്‍ഷം മുന്‍പ് നാട്ടില്‍ നിന്നും മാള്‍ട്ടയില്‍ വര്‍ക്ക് വിസയില്‍ എത്തിയ നിതിന്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി തേടി ഇറ്റലിയില്‍ എത്തിയത് 8 മാസം മുന്‍പാണ്. തുടര്‍ന്ന് വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്ന നിതിന്‍ ഒരു സ്ഥിര ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. അതിനിടയിലാണ് അപകടം ഉണ്ടായത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി ഇറ്റലിയിലെ മലയാളി സമൂഹത്തിന്റെ സഹായം തേടുകയാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍. 
 
 
നല്ലില എള്ളുവിള എന്‍ എന്‍ ഹൗസില്‍ പി. ജയിംസ് - ഗീത ദമ്പതികളുടെ മകനാണ്. നീതു ജെയിംസ് ഏക സഹോദരിയാണ്. നല്ലില സെന്റ് ഗബ്രിയേല്‍ സൂബോറോ ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ അംഗങ്ങളാണ് നിതിന്റെ കുടുംബം.   |