|
സ്വന്തം അശ്ശീല വീഡിയോ തന്റെ പൊതു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച ബ്രിട്ടീഷ് തുഴച്ചില്‍ താരം കര്‍ട്ട്സ് ആഡംസ് റോസെന്റല്‍സിന് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്. വിമാനത്തില്‍ നിന്നുള്ള ലൈംഗിക പ്രവൃത്തിയുടെ അശ്ശീല ദൃശ്യങ്ങളാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മാര്‍ച്ചിലായിരുന്നു സംഭവം.
ഇത് കായികരംഗത്തിന് തന്നെ വലിയ അപകീര്‍ത്തി വരുത്തിവെച്ചതായും ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് തുല്യമാണെന്നും അച്ചടക്ക സമിതി കണ്ടെത്തി. ഇതോടെ എല്ലാ മത്സരങ്ങളില്‍ നിന്നും പരിശീലനങ്ങളിലും നിന്നും അദ്ദേഹത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കി. 2028, 2032 ഒളിമ്പിക്സുകളില്‍ അത്ലറ്റുകളെ സഹായിക്കുന്നതിനായുള്ള വേള്‍ഡ് ക്ലാസ് പ്രോഗ്രാമില്‍ നിന്നും താരത്തെ ഒഴിവാക്കുകയും ചെയ്തു.
അശ്ശീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തിനും വാദം കേള്‍ക്കലിനും ശേഷം അച്ചടക്ക സമിതിയാണ് താരത്തെ വിലക്കാനുള്ള തീരുമാനമെടുത്തതെന്ന് ഭരണ സമിതിയായ പാഡില്‍ യുകെ പറഞ്ഞു. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതായി അന്വേഷണത്തില്‍ താരം സമ്മതിച്ചു. അതിന്റെ അശ്ശീല സ്വഭാവം കണക്കിലെടുത്ത് പിന്നീട് ഇത് നീക്കം ചെയ്തുവെന്നും ഭരണ സമിതി പറഞ്ഞു. |