|
ആഗോള സീരീസ് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നെറ്ഫ്‌ലിക്‌സിന്റെ ഏറ്റവും വമ്പന്‍ ഷോയായ സ്‌ട്രേഞ്ചര്‍ തിങ്സിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായി. 2016ല്‍ സ്ട്രീമിങ് ആരംഭിച്ച സീരിസിന്റെ അഞ്ചാമത്തേയും അവസാനത്തെയും സീസന്റെ ട്രെയ്ലര്‍ ആണിത് എന്നത് ശ്രദ്ധേയമാണ്.
സീരീസിന്റെ ചില ദൃശ്യങ്ങളുടെ ചിത്രങ്ങള്‍ ടീസര്‍ റിലീസാകുന്നതിന് മുന്നേ തന്നെ ഇതേ രീതിയില്‍ ലീക്കായിരുന്നു. എന്നാല്‍ ട്രെയ്ലര്‍ തന്നെ ലീക്കായത് നെറ്റ്ഫ്‌ലിക്‌സിന്റെ പ്രമോഷന്‍ പരിപാടികളെ സാരമായി ബാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. നെറ്ഫ്‌ലിക്‌സിറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍ മുടക്കിലാണ് സീരിസിന്റെ അവസാന സീസണ്‍ ഒരുക്കിയിരിക്കുന്നതെന്തന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന ചെറുപട്ടണത്തില്‍ 1980കളില്‍ നടക്കുന്ന ദുരൂഹവും അവിശ്വസനീയവുമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്. വസ്തുക്കളെ സ്പര്‍ശിക്കാതെ ചലിപ്പിക്കാന്‍ സാധിക്കുന്ന ശക്തിയുള്ള ഇലവന്‍ എന്ന പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് ഭീകര ജീവികളുമായി പോരാടുന്നതായിരുന്നു 4 സീസണിലും പ്രധാനമായുമുള്ള സംഭവങ്ങള്‍.
മൂന്ന് വോളിയമായാണ് സീരീസ് സ്ട്രീം ചെയ്യുക, ആദ്യ വോളിയം നവംബര്‍ 26 നും രണ്ടാം വോളിയം ഡിസംബര്‍ 25 നും, മൂന്നാം വോളിയം ഡിസംബര്‍ 31 നാണു ആരാധകരിലേക്കെത്തുക. സീരീസിന്റെ സൃഷ്ട്ടാക്കളായ ഡഫര്‍ സഹോദരന്മാര്‍ക്കൊപ്പം ഡെഡ്പൂള്‍ vs വൂള്‍വെറിന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷോണ്‍ ലെവിയും സീരീസിന്റെ ചില എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നുണ്ട്. |