|
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ജാര്‍ഗ്രാമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റോഡരികിലെ ജാല്‍മുറി സ്റ്റാളില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയത് കൌതുകമായി. ജാര്‍ഗ്രാമിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം ഹെലികോപ്റ്ററില്‍ കയറാന്‍ പോകുന്നതിനിടെയാണ് അദ്ദേഹം ഈ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
വാഹനത്തില്‍ നിന്നിറങ്ങിയ മോദി ജാല്‍മുറി വില്പനക്കാരനെ സമീപിക്കുകയും അവിടെ നിന്നും തയ്യാറാക്കിയ ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് ജാല്‍മുറി നല്‍കിയ അദ്ദേഹം സമീപം തടിച്ചുകൂടിയ സ്ത്രീകളുമായി സംവദിക്കുകയും ചെയ്തു. ഈ ചെറിയ ഇടവേളയില്‍ പ്രധാനമന്ത്രിയും ജാല്‍മുറി രുചിച്ചു നോക്കി.ബംഗാളിന്റെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമയ ജാല്‍മുറി പൊരി കൊണ്ടാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ 12 വര്‍ഷമായി ജാര്‍ഗ്രാമില്‍ ജാല്‍മുറി വില്‍ക്കുന്ന ബിഹാറിലെ ഗയ ജില്ലക്കാരനായ വിക്രം സാഹിന്റേതായിരുന്നു ആ കട. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് നിര്‍ത്തിയത് കച്ചവടക്കാരനും കണ്ടുനിന്നവര്‍ക്കും മറക്കാനാവാത്ത നിമിഷമായി മാറി. |