Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
നാലാം വയസ്സില്‍ മലയാളി പെണ്‍കുട്ടി ഹെലന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണം രക്തസ്രാവം: ദമ്പതികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍
Text By: UK Malayalam Pathram
യുകെയിലെ നാലുവയസുകാരി ഹെലന്‍ റോസിന്റെ മരണകാരണം മസ്തിഷ്‌കത്തില്‍ രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസ്സവും ഉണ്ടായതാണെന്നു വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈറല്‍ രോഗബാധയാണ് മരണത്തിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്.

ഹെലന്റെ തലയില്‍ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറല്‍ ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമെന്നും മെഡിക്കല്‍ എക്‌സാമിനറുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച നോര്‍വിച്ചിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നു വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യാര്‍ത്ഥം ക്ലാരിറ്റ് യുകെയിലെത്തുകയും തുടര്‍ന്ന് അബിനും യുകെയിലെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തിയത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബജീവിതത്തിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ യുകെയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
 
Other News in this category

 
 




 
Close Window