മയാമി: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ 2-1ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനലില്‍. ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തിരിച്ചുവരവ് സമ്മാനിച്ചത്. 2018ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പിലൂടെയാണ് നോര്‍വേ ആദ്യം മുന്നിലെത്തിയത്. ഹാരി കെയ്നില്‍നിന്ന് പന്ത് പിടിച്ചെടുത്ത പാട്രിക് ബെര്‍ഗ് ആരംഭിച്ച നീക്കത്തിനൊടുവില്‍ മാര്ട്ടിന് ഒഡെഗാര്‍ഡ് നല്കിയ പാസ് സ്വീകരിച്ച ഷെല്‍ഡറപ്പ് ബോക്സിന്റെ ഇടതുഭാഗത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ഇംഗ്ലണ്ട് വല ചലിപ്പിച്ചു. ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ ഇംഗ്ലണ്ട് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില പിടിച്ചു. ആന്തണി ഗോര്‍ഡന്‍ നല്കിയ പന്ത് സ്വീകരിച്ച ബെല്ലിങ്ഹാം താഴ്ന്ന ഷോട്ടിലൂടെ നോര്‍വേ ഗോള്‍കീപ്പര്‍ ഒര്യാന് നൈലാന്‍ഡിനെ മറികടന്നു. 45+2-ാം മിനിറ്റിലായിരുന്നു ഗോള്‍. പിന്നാലെ ബെല്ലിങ്ഹാമിന്റെ പാസില്‍നിന്ന് ഹാരി കെയ്ന്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിക്കപ്പെട്ടു.
രണ്ടാംപകുതിയുടെ 55-ാം മിനിറ്റില്‍ ടോര്‍ബ്യോണ്‍ ഹെഗ്ഗെം നോര്‍വേക്കായി ഗോള്‍ നേടിയെങ്കിലും വാര് പരിശോധനയില്‍ അത് നിഷേധിക്കപ്പെട്ടു. കോര്‍ണറിനിടയില്‍ എര്‍ലിങ് ഹാലാന്‍ഡ് ഇംഗ്ലണ്ട് താരത്തെ ഫൗള്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയില്‍ അവസാനിച്ചതോടെ പോരാട്ടം അധികസമയത്തേക്ക് നീങ്ങി. അധികസമയത്തിന്റെ മൂന്നാം മിനിറ്റില്‍ ബെല്ലിങ്ഹാം വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. മോര്ഗന് റോജേഴ്സിന്റെ ശക്തമായ ഷോട്ട് നൈലാന്‍ഡിന് പിടിച്ചുനിര്‍ത്താനായില്ല. റീബൗണ്ടായി ലഭിച്ച പന്ത് ബെല്ലിങ്ഹാം അനായാസം വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ ബെല്ലിങ്ഹാമിന്റെ ആറാം ഗോളായിരുന്നു ഇത്. ഇതോടെ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി വിജയം ഉറപ്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനെ അധികസമയത്ത് 3-1ന് തോല്‍പ്പിച്ച നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയാണ് സെമിഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളി. അലക്സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന ഇംഗ്ലണ്ട്-അര്‍ജന്റീന സ്വപ്ന സെമിഫൈനല്‍ അറ്റ്ലാന്റയിലാണ് നടക്കുക.