ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി ആന്‍ഡി ബേണ്‍ഹാമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലണ്ടനില്‍ ചേര്‍ന്ന പ്രത്യേക പാര്‍ട്ടി സമ്മേളനത്തിലാണ് അദ്ദേഹം നേതൃസ്ഥാനം ഏറ്റെടുത്തത്. തിങ്കളാഴ്ച കിയര്‍ സ്റ്റാര്‍മറില്‍നിന്ന് അധികാരമേറ്റെടുത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ലേബര്‍ പാര്‍ട്ടി എംപിമാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മണ്ഡലം ഘടകങ്ങളുടെ പ്രതിനിധികള്‍, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സ്റ്റാര്‍മറുടെ നേതൃത്വത്തെ പ്രശംസിച്ച ബേണ്‍ഹാം, ലേബര്‍ പാര്‍ട്ടിക്ക് പുതിയ ദിശയും രാജ്യത്തിന് പുതിയ പ്രതീക്ഷയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. നേതാവെന്ന നിലയിലെ ആദ്യ പ്രസംഗത്തില്‍ 'ഞാന്‍ തയാറാണ്' എന്ന് പ്രഖ്യാപിച്ച ബേണ്‍ഹാം, തൊഴിലാളിവര്‍ഗ സമൂഹങ്ങളെ വീണ്ടും രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുമെന്ന് വ്യക്തമാക്കി. അധികാരം ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കുന്ന സമീപനത്തിന് വിരാമമിട്ട് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം ലക്ഷ്യമിടുന്ന പദ്ധതിയാണ് തനിക്കുള്ളതെന്നും ബേണ്‍ഹാം അവകാശപ്പെട്ടു. കിയര്‍ സ്റ്റാര്‍മറുടെ രാജിക്കുശേഷം ആരംഭിച്ച നേതൃതിരഞ്ഞെടുപ്പില്‍ ആവശ്യമായ പിന്തുണ നേടിയ ഏക സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. മറ്റാരും മത്സരരംഗത്തില്ലാതിരുന്നതിനാല്‍ വോട്ടെടുപ്പില്ലാതെ ബേണ്‍ഹാമിനെ നേതാവായി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി എംപിമാര്‍, ട്രേഡ് യൂണിയനുകള്‍, മണ്ഡലം ഘടകങ്ങള്‍ എന്നിവയില്‍നിന്നു ലഭിച്ച ശക്തമായ പിന്തുണയാണ് ബേണ്‍ഹാമിന്റെ നേതൃത്വത്തിലേക്കുള്ള വരവിന് അടിത്തറയായത്. പുതിയ മന്ത്രിസഭയുടെ ഘടന സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ബേണ്‍ഹാം സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതും രാജ്യത്തിന്റെ വിവിധ മേഖലകളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നതുമായ മന്ത്രിസഭ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡൗണിങ് സ്ട്രീറ്റില്‍ അധികാരക്കൈമാറ്റത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.