Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
ഐറിഷ് പൗരത്വത്തിന് ഭാഷാപ്രാവീണ്യം മാനദണ്ഡമാക്കണമെന്ന് സൈമണ്‍ ഹാരിസ്; ചര്‍ച്ചകള്‍ക്ക് തുടക്കം
reporter

ഡബ്ലിന്‍: ഐറിഷ് പൗരത്വം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഭാഷാപ്രാവീണ്യവും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. കില്‍ഡെയറില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ സാമൂഹിക സംയോജനത്തില്‍ ഭാഷയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ഹാരിസ് പറഞ്ഞു. ഒരു രാജ്യത്തേക്ക് എത്തുന്ന വ്യക്തിക്കും അവര്‍ താമസിക്കുന്ന രാജ്യത്തിനും ഭാഷ ഒരുപോലെ പ്രധാനമാണെന്നും അതിനാല്‍ പൗരത്വ നടപടികളില്‍ ഭാഷാപ്രാവീണ്യം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതില്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ ഭാഷാ മാനദണ്ഡം ഏത് രീതിയില്‍ ഫലപ്രദമായി നടപ്പാക്കാമെന്നത് വിശദമായി പരിശോധിക്കേണ്ട വിഷയമാണെന്നും ഹാരിസ് വ്യക്തമാക്കി. കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡിന്റെ വികസനത്തിന് നിരവധി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പൗരത്വവുമായി ബന്ധപ്പെട്ട് നിയമാനുസൃതവും സന്തുലിതവുമായ പൊതുചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ഐറിഷ് പൗരത്വം ഏറെ വിലപ്പെട്ട അംഗീകാരമാണ്. സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പൗരത്വ നടപടിക്രമങ്ങളില്‍ നിരവധി മെച്ചപ്പെടുത്തലുകള്‍ നടപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഭാഷാപ്രാവീണ്യവും ചര്‍ച്ച ചെയ്യപ്പെടുന്നത്,' ഹാരിസ് പറഞ്ഞു.

നിലവില്‍ ഐറിഷ് പൗരത്വം നേടുന്നതിന് ഭാഷാ പരീക്ഷയോ നിര്‍ബന്ധിത ഭാഷാപ്രാവീണ്യ വ്യവസ്ഥയോ നിലവിലില്ല. ഐറിഷ് അഥവാ ഗേലിക്, ഇംഗ്ലീഷ് എന്നിവയാണ് അയര്‍ലന്‍ഡിന്റെ ഔദ്യോഗിക ഭാഷകള്‍. ഭാഷാപ്രാവീണ്യം നിര്‍ബന്ധമാക്കിയാല്‍ ഈ രണ്ട് ഭാഷകളില്‍ ഏതിനാണ് പ്രാവീണ്യം വേണ്ടത്, അതോ ഏതെങ്കിലും ഒരു ഭാഷയില്‍ പ്രാവീണ്യം നേടിയാല്‍ മതിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. ഭാഷാപ്രാവീണ്യം പൗരത്വ നടപടികളുടെ ഭാഗമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ പുതിയ നയം ഉടന്‍ നടപ്പാകുമെന്ന സൂചനയായി കാണാതെ, വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്ന അഭിപ്രായപ്രകടനമായാണ് ഉപപ്രധാനമന്ത്രിയുടെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്.

 
Other News in this category

 
 




 
Close Window