Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
96.2 ശതമാനം ആല്‍ക്കഹോളുമായി 'മണവാട്ടി'; ലോകത്തിലെ ഏറ്റവും വീര്യമേറിയ മദ്യമെന്ന അവകാശവാദവുമായി പ്രവാസി മലയാളി
reporter

ലണ്ടന്‍: കേരളത്തില്‍ മൈല്‍ഡ് വൈനും വീര്യം കുറഞ്ഞ മദ്യവും ചര്‍ച്ചയാകുന്നതിനിടെ, 96.2 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ പുതിയ മദ്യവുമായി രാജ്യാന്തര വിപണിയിലേക്ക് ചുവടുവയ്ക്കുകയാണ് പ്രവാസി മലയാളിയുടെ 'മണവാട്ടി' ബ്രാന്‍ഡ്. കൊച്ചി സ്വദേശിയും യുകെ ആസ്ഥാനമായ സംരംഭകനുമായ ജോണ്‍ സേവ്യറാണ് 'മണവാട്ടി 96.2' എന്ന പേരില്‍ പുതിയ ഉല്‍പന്നം അവതരിപ്പിക്കുന്നത്. 96 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ പോളിഷ് ബ്രാന്‍ഡായ 'പോള്‍മോസ് സ്പിരൈറ്റസ്' ലോകത്തിലെ ഏറ്റവും ശക്തമായ മദ്യങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഇതിനെക്കാള്‍ 0.2 ശതമാനം അധിക ആല്‍ക്കഹോളാണ് പുതിയ മണവാട്ടി ഉല്‍പന്നത്തിലുള്ളതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

യുകെ ആസ്ഥാനമായ ലണ്ടന്‍ ബാരണ്‍ ലിമിറ്റഡാണ് ഉല്‍പന്നത്തിന്റെ നിര്‍മാതാക്കള്‍. 50 മില്ലിലിറ്റര്‍ കുപ്പിയില്‍ വിപണിയിലെത്തുന്ന ഇതിന് 'തീ തുപ്പും കുട്ടിച്ചാത്തന്‍' എന്ന വിശേഷണവും കമ്പനി നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ആല്‍ക്കഹോള്‍ അളവുള്ള റെക്ടിഫൈഡ് സ്പിരിറ്റുകള്‍ സാധാരണയായി കോക്ടെയിലുകള്‍ തയ്യാറാക്കുന്നതിനും മറ്റ് പാനീയങ്ങളില്‍ വളരെ ചെറിയ അളവില്‍ ചേര്‍ക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ അളവില്‍ പോലും അതീവ ശക്തമായ പ്രഭാവം സൃഷ്ടിക്കുമെന്നതിനാല്‍ നേരിട്ട് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം.

തട്ടുകടയില്‍നിന്ന് രാജ്യാന്തര മദ്യവിപണിയിലേക്ക്

കൊച്ചിയില്‍നിന്ന് ലണ്ടനിലെത്തിയ ജോണ്‍ സേവ്യര്‍ മലയാളി ഭക്ഷണശാലകളും കള്ളുഷാപ്പ് മാതൃകയിലുള്ള സംരംഭങ്ങളും നടത്തിയാണ് ബിസിനസ് രംഗത്ത് ശ്രദ്ധേയനായത്. ഇന്ത്യന്‍ അരാക്ക് വിഭാഗത്തിലുള്ള മദ്യം 'മണവാട്ടി' എന്ന പേരില്‍ രാജ്യാന്തര വിപണിയിലെത്തിച്ചതും അദ്ദേഹമാണ്. നേരത്തേ പുറത്തിറക്കിയ മണവാട്ടി ബ്രാന്‍ഡ് വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും അംഗീകാരം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷനില്‍ വെങ്കല മെഡലും ഇന്റര്‍നാഷണല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോംപറ്റീഷനില്‍ 'സ്പിരിറ്റ് ബ്രോണ്‍സ് 2025' പുരസ്‌കാരവും ലഭിച്ചതായി കമ്പനി അറിയിച്ചു. നിലവില്‍ മൂന്ന് വ്യത്യസ്ത വീര്യങ്ങളിലാണ് മണവാട്ടി ലഭ്യമാകുന്നത്. ഒറിജിനല്‍ മണവാട്ടിയില്‍ 44 ശതമാനവും മണവാട്ടി ഓവര്‍പ്രൂഫില്‍ 71 ശതമാനവും മണവാട്ടി മാജിക് ബ്ലൂവില്‍ 37.5 ശതമാനവും ആല്‍ക്കഹോളാണ് അടങ്ങിയിരിക്കുന്നത്.

യുകെ, യൂറോപ്പ്, യുഎഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ മണവാട്ടി വിപണിയിലെത്തിയിട്ടുണ്ട്. കൊച്ചി ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ബ്രാന്‍ഡ് ലഭ്യമാണെന്നാണ് കമ്പനി അറിയിക്കുന്നത്. പഞ്ചസാര, കൊഴുപ്പ്, അന്നജം, കൃത്രിമ നിറങ്ങള്‍, ഫ്‌ലേവറുകള്‍ എന്നിവ ചേര്‍ക്കാതെയാണ് പുതിയ ഉല്‍പന്നം നിര്‍മിക്കുന്നതെന്നും യുകെയിലെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉല്‍പാദനമെന്നും നിര്‍മാതാക്കള്‍ പറയുന്നു. മിഡില്‍ ഈസ്റ്റ് വിപണികളിലും കൊച്ചി ഉള്‍പ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും 'മണവാട്ടി 96.2' ഉടന്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. അതേസമയം, സുരക്ഷിതമോ ആരോഗ്യകരമോ ആയ മദ്യപാനം എന്നൊന്നില്ലെന്നും 96.2 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നം അതീവ ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window