Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
UK Special
  Add your Comment comment
കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒളിപ്പിച്ചു; ഇന്ത്യന്‍ വംശജയ്ക്ക് മൂന്നുവര്‍ഷം തടവ്
reporter

ലണ്ടന്‍: മകനെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കുന്നതിനായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒളിപ്പിച്ച ഇന്ത്യന്‍ വംശജയായ സിഖ് വനിതയ്ക്ക് ബ്രിട്ടനില്‍ മൂന്നുവര്‍ഷം തടവുശിക്ഷ. സൗത്താംപ്ടണില്‍ 18 വയസ്സുകാരനായ ഹെന്റി നൊവാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിക്രം ദിഗ്വയുടെ അമ്മ കിരണ്‍ കൗറിനാണ് (53) സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് മാറ്റുകയും തെളിവ് മറച്ചുവച്ച് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് കിരണ്‍ കൗറിനെതിരായ കുറ്റം. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് രാത്രി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഹെന്റി നൊവാക്കിനെ വിക്രം ദിഗ്വ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ദിഗ്വയ്ക്ക് കോടതി നേരത്തേ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കുറഞ്ഞത് 21 വര്‍ഷം ജയിലില്‍ കഴിയണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ ശിക്ഷ അപര്യാപ്തമാണെന്ന പരാതിയെ തുടര്‍ന്ന് കേസ് ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.

'മകനെ നിയമത്തിനു മുന്നിലെത്തിക്കണമായിരുന്നു'

ഉത്തരവാദിത്തമുള്ള അമ്മ മകന്‍ ചെയ്ത കുറ്റം മറച്ചുവയ്ക്കാന്‍ സഹായിക്കുകയല്ല, നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ശിക്ഷ വിധിച്ച ജഡ്ജി വില്യം മൗസ്ലി കെ.സി. പറഞ്ഞു. കൊലപാതകത്തിനുശേഷം ദിഗ്വ കൈമാറിയ കത്തി വീട്ടിലെ മകന്റെ മുറിയിലുണ്ടായിരുന്ന മറ്റ് ആയുധങ്ങള്‍ക്കിടയില്‍ കിരണ്‍ കൗര്‍ ഒളിപ്പിച്ചതായി കോടതി കണ്ടെത്തി. തെളിവ് മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു ഇതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. മകനെ സംരക്ഷിക്കണമെന്ന മാതൃസ്‌നേഹമാണ് നടപടിക്കു പിന്നിലെന്ന വാദം കോടതി പരിഗണിച്ചു. എന്നാല്‍ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് തടവുശിക്ഷ അനിവാര്യമാണെന്ന് വ്യക്തമാക്കി.

വീട്ടില്‍നിന്ന് കണ്ടെത്തിയത് ഇരുപതിലേറെ ആയുധങ്ങള്‍

പൊലീസ് നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉള്‍പ്പെടെ ഇരുപതിലധികം ആയുധങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെത്തി. ആക്രമണം നടന്ന് ഏഴുദിവസത്തിനുശേഷമാണ് കത്തി പൊലീസിന് ലഭിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവ് മറച്ചുവയ്ക്കുന്നതില്‍ പ്രതിയുടെ അമ്മയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മകനെ രക്ഷിക്കാനുള്ള വൈകാരിക പ്രതികരണം മാത്രമായിരുന്നു ഇതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

മരണമുഖത്തായിരുന്ന വിദ്യാര്‍ഥിയെ വിലങ്ങണിയിച്ചത് വിവാദമായി

കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്ന ഹെന്റി നൊവാക്കിനെ പൊലീസ് കൈവിലങ്ങണിയിച്ചതും കേസില്‍ വലിയ വിവാദമായി. ഹെന്റി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും സ്വയംരക്ഷയ്ക്കായാണ് കുത്തിയതെന്നും ദിഗ്വ പൊലീസിനോട് കള്ളം പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച പൊലീസ്, തന്നെ കുത്തിയെന്നും ശ്വാസം കിട്ടുന്നില്ലെന്നും ആവര്‍ത്തിച്ച ഹെന്റിയെ ആക്രമണക്കേസിലെ പ്രതിയെന്നു സംശയിച്ച് കൈകള്‍ പിന്നിലാക്കി വിലങ്ങണിയിക്കുകയായിരുന്നു. സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. ഹാംപ്ഷയര്‍ പൊലീസ് പിന്നീട് ഹെന്റിയുടെ കുടുംബത്തോട് പരസ്യമായി മാപ്പുപറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

അപ്പീലും ഇന്‍ക്വസ്റ്റും ബാക്കി

സൗത്താംപ്ടണ്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഹെന്റിയെ ദിഗ്വ അഞ്ചുതവണ കുത്തിയെന്നാണ് കേസ്. നെഞ്ചിലേറ്റ മാരകമായ മുറിവാണ് മരണത്തിനു കാരണമായത്. കുറ്റവിധിക്കും ശിക്ഷയ്ക്കുമെതിരെ ദിഗ്വ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ശിക്ഷ അപര്യാപ്തമാണോയെന്ന് പരിശോധിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫിസ് കേസ് അപ്പീല്‍ കോടതിക്കു കൈമാറിയിട്ടുണ്ട്. ഹെന്റി നൊവാക്കിന്റെ മരണവുമായി ബന്ധപ്പെട്ട സമഗ്ര ഇന്‍ക്വസ്റ്റ് അടുത്തവര്‍ഷം വിന്‍ചെസ്റ്ററില്‍ നടക്കും.

 
Other News in this category

 
 




 
Close Window