ലണ്ടന്‍: ആശയവിനിമയവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 62,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ അഭിപ്രായപ്രകടനങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരെ പൊലീസ് നടപടിയിലേക്ക് നയിക്കുന്ന സാഹചര്യം രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്വതന്ത്ര അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കുന്ന 'ഓര്‍വെല്ലിയന്‍' നടപടികളാണിതെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇത്തരം നിയമങ്ങള്‍ ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ ജനങ്ങള്‍ക്ക് ഭയം സൃഷ്ടിക്കുകയും സ്വതന്ത്രമായ ആശയവിനിമയത്തിന് 'ചില്ലിംഗ് ഇഫക്ട്' ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ക്യാംപെയ്‌നര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ബിഗ് ബ്രദര്‍ വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആശയവിനിമയവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി യുകെയില്‍ കുറഞ്ഞത് 62,199 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 18,510 പേര്‍ക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തുകയും 12,292 പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
'ദുരുദ്ദേശപരമായ' സന്ദേശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിവിധ പൊലീസ് സേനകള്‍ വ്യത്യസ്ത രീതിയിലാണ് നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില പൊലീസ് മേഖലകളില്‍ ഇത്തരം നിയമപ്രകാരമുള്ള അറസ്റ്റുകളുടെ നിരക്ക് മറ്റിടങ്ങളിലേതിനേക്കാള്‍ 14 മടങ്ങ് വരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍. അതേസമയം, എല്ലാ അറസ്റ്റുകളും അനാവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നില്ല. ഗാര്‍ഹിക പീഡന കേസുകളില്‍ പങ്കാളിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നതു പോലുള്ള സാഹചര്യങ്ങളില്‍ പൊലീസ് ഇടപെടല്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് അംഗീകരിക്കുന്നു. എന്നാല്‍ നിയമങ്ങളുടെ പരിധി സാധാരണ ദൈനംദിന ആശയവിനിമയങ്ങളിലേക്കും വ്യാപിച്ചതോടെ പൊലീസ് അമിതമായി ഇടപെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. അധ്യാപകനെതിരെ ടിക്ടോക് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കൗമാരക്കാരിയെ ചോദ്യം ചെയ്ത സംഭവം ഉള്‍പ്പെടെയുള്ളവയും ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭീഷണി, പീഡനം, വിദ്വേഷം തുടങ്ങിയ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. നിയമപരമായ അഭിപ്രായപ്രകടനവും കുറ്റകരമായ ആശയവിനിമയവും തമ്മിലുള്ള അതിര്‍ത്തിയാണ് നിലവിലെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത്.