ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ജോലി ചെയ്യേണ്ട പ്രായത്തിലുള്ള മുതിര്‍ന്നവരില്‍ അഞ്ചിലൊരാള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ആനുകൂല്യം ലഭിക്കുന്നവരാണെന്ന് ഔദ്യോഗിക കണക്കുകളെ അടിസ്ഥാനമാക്കിയുള്ള വിശകലനം. 20 മുതല്‍ 64 വയസ്സ് വരെയുള്ള ഏകദേശം 73 ലക്ഷം പേരാണ് ഈ വര്‍ഷം മേയ് വരെയുള്ള കണക്കുപ്രകാരം യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നതെന്ന് ടാക്സ്പെയേഴ്സ് അലയന്‍സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഈ പ്രായവിഭാഗത്തിലുള്ളവരില്‍ 20.3 ശതമാനം പേര്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് പട്ടികയിലുണ്ടെന്നാണ് ക്യാംപെയിന്‍ ഗ്രൂപ്പിന്റെ വിശകലനം. ഇവരില്‍ ഏകദേശം 33 ലക്ഷം പേര്‍ 40 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോലി പ്രായത്തിലുള്ള ജനസംഖ്യയില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരുടെ അനുപാതം വര്‍ധിക്കുന്നത് രാജ്യത്തെ ക്ഷേമച്ചെലവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. വലിയൊരു വിഭാഗം യുവാക്കളും തൊഴില്‍പ്രായത്തിലുള്ളവരും ആനുകൂല്യ സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യം ദീര്‍ഘകാല സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ടാക്സ്പെയേഴ്സ് അലയന്‍സിന്റെ വിമര്‍ശനം. നിരവധി പ്രദേശങ്ങളില്‍ ജോലി പ്രായത്തിലുള്ള മുതിര്‍ന്നവരില്‍ നാലിലൊന്നിലേറെ പേര്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരാണ്. ശരാശരി പ്രതിമാസം ഏകദേശം 1,090 പൗണ്ടാണ് ആനുകൂല്യമായി ലഭിക്കുന്നതെന്നാണ് കണക്കുകള്‍. പ്രാദേശിക കണക്കുകളില്‍ ബ്ലാക്ക്പൂളിലാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരുടെ അനുപാതം ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ ജോലി പ്രായത്തിലുള്ളവരില്‍ ഏകദേശം മൂന്നിലൊരാള്‍ ആനുകൂല്യം ലഭിക്കുന്നവരാണ്. 33.9 ശതമാനവുമായി ബര്‍മിങ്ങാമും 32.6 ശതമാനവുമായി എന്‍ഫീല്‍ഡും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ബ്രിട്ടനിലാകെ 85 ലക്ഷം പേര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ്
വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി ഏകദേശം 85 ലക്ഷം പേര്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരാണ്. ക്ഷേമ ആനുകൂല്യങ്ങള്‍ക്കായുള്ള വാര്‍ഷിക ചെലവ് ഏകദേശം 80 ബില്യണ്‍ പൗണ്ടിലെത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളിലേക്ക് ഏകദേശം 11.9 ബില്യണ്‍ പൗണ്ട് യൂണിവേഴ്സല്‍ ക്രെഡിറ്റായി നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്ന എല്ലാവരും തൊഴില്‍രഹിതരല്ല. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്കും തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളോ പരിചരണ ഉത്തരവാദിത്തങ്ങളോ ഉള്ളവര്‍ക്കും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനാല്‍, ആകെ ഗുണഭോക്താക്കളുടെ എണ്ണം നേരിട്ട് തൊഴില്‍രഹിതരുടെ എണ്ണമായി കണക്കാക്കാനാവില്ല.