ലണ്ടന്‍: ഷെഫീല്‍ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിരിക്കെ പാക്കിസ്ഥാനിലേക്ക് കടന്നതില്‍ പ്രതിഷേധവുമായി അതിജീവിതകള്‍. 20 ലൈംഗിക കുറ്റങ്ങളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമര്‍ ഇലിയാസിനെ (41) കോടതി ഇയാളുടെ അഭാവത്തില്‍ 27 വര്‍ഷം തടവിന് ശിക്ഷിച്ചു. 2004 മുതല്‍ 2007 വരെ ഷെഫീല്‍ഡിലെ മീര്‍സ്ബ്രൂക്ക്, ഷാരോ മേഖലകളില്‍ നടന്ന അതിക്രമങ്ങളാണ് കേസിനാധാരം. പന്ത്രണ്ടുവയസ്സുകാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡനത്തിനിരയായി. നാഷനല്‍ ക്രൈം ഏജന്‍സിയുടെ 'ഓപ്പറേഷന്‍ സ്റ്റോവ്വുഡ്' അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്.
2020ല്‍ അറസ്റ്റിലായ ഇലിയാസിനെതിരെ 2023ല്‍ കുറ്റം ചുമത്തി. ജാമ്യകാലത്ത് പാസ്പോര്‍ട്ട് കൈവശം വയ്ക്കാനും വിദേശയാത്ര നടത്താനും അനുമതിയുണ്ടായിരുന്നു. 2025 ജൂലൈയില്‍ പാക്കിസ്ഥാനിലേക്ക് പോയ ഇയാള്‍ സെപ്റ്റംബറിലെ വിചാരണയ്ക്ക് തിരിച്ചെത്തിയില്ല. മടങ്ങിവരണമെന്ന കോടതി നിര്‍ദേശവും അവഗണിച്ചതോടെയാണ് അസാന്നിധ്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. പീഡനത്തിന്റെ ആഘാതവും ഭയവും കാരണം പുറത്തിറങ്ങാന്‍പോലും കഴിയാതിരുന്ന തങ്ങളുടെ മുന്നിലൂടെ പ്രതിക്ക് രാജ്യം വിടാനായത് നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസത്തെ ബാധിച്ചതായി അതിജീവിതകള്‍ പ്രതികരിച്ചു. ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്നയാള്‍ക്ക് യാത്രാരേഖകള്‍ കൈവശം വയ്ക്കാന്‍ അനുവദിച്ചതിനെയും അവര്‍ ചോദ്യം ചെയ്തു.
ഇലിയാസിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് ജഡ്ജി പീറ്റര്‍ ഹാംപ്ടണ്‍ ആവശ്യപ്പെട്ടു. അന്വേഷണം തുടരുകയാണെന്നും ഇയാളെ ശിക്ഷ അനുഭവിപ്പിക്കാന്‍ ശ്രമിക്കുമെന്നും നാഷനല്‍ ക്രൈം ഏജന്‍സി അറിയിച്ചു. ലൈംഗികാതിക്രമക്കേസുകളിലെ ജാമ്യവ്യവസ്ഥകളില്‍ യാത്രാരേഖകള്‍ക്ക് നിയന്ത്രണം വേണമെന്ന് അതിജീവിതകളും നീതിന്യായ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് സര്‍വൈവേഴ്സ് ട്രസ്റ്റും ആവശ്യപ്പെട്ടു.