ലണ്ടന്‍: ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സറുടെ വീടുകളില്‍ പരിശോധന നടത്താന്‍ ഉപയോഗിച്ച വാറന്റുകള്‍ ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരിയിലെ പരിശോധനയ്ക്കുള്ള വാറന്റുകള്‍ നിയമവിരുദ്ധമായിരുന്നുവെന്ന് തേംസ് വാലി പൊലീസ് കോടതിയില്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇതോടെ ആന്‍ഡ്രൂവിനെതിരായ അന്വേഷണം അവസാനിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തില്‍ ഫെബ്രുവരി 19ന് ആന്‍ഡ്രൂ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു വീടുകളിലെ പരിശോധന. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
1984ലെ പൊലീസ് ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സ് ആക്ടിലെ എട്ടാം വകുപ്പിനു പകരം ഒന്‍പതാം വകുപ്പനുസരിച്ചായിരുന്നു വാറന്റ് അനുവദിക്കേണ്ടിയിരുന്നതെന്നാണ് തുടര്‍ നിയമനടപടികളില്‍ കണ്ടെത്തിയത്. വാറന്റുകളുടെ നിയമസാധുത സംബന്ധിച്ച് ഇരുപക്ഷവും ധാരണയിലെത്തിയതായി കോടതി അറിയിച്ചു. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും ഇപ്പോഴും പൊലീസിന്റെ കൈവശമാണ്. ഇവ അന്വേഷണത്തിനായി നിയമപരമായി സൂക്ഷിക്കാനാകുമോയെന്നും തുടര്‍നടപടികള്‍ എന്താകണമെന്നും 2027ലെ ഹിയറിങ്ങില്‍ പരിഗണിക്കും.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്. 2010ല്‍ ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായിരിക്കെ ആന്‍ഡ്രൂ രഹസ്യവിവരങ്ങള്‍ എപ്സ്റ്റീനുമായി പങ്കുവെച്ചതായി സൂചിപ്പിക്കുന്ന രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആന്‍ഡ്രൂവിന്റെ നിലപാട്. വാറന്റുകള്‍ റദ്ദാക്കിയ നടപടി ആരോപണങ്ങളുടെ വസ്തുത സംബന്ധിച്ച വിധിയല്ലെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിലെ അന്വേഷണം തുടരുമെന്നും തേംസ് വാലി പൊലീസ് വ്യക്തമാക്കി.