കേംബ്രിജ്: ബ്രിട്ടനിലെ കേംബ്രിജ്ഷയറിലുള്ള ആര്‍എഎഫ് മോള്‍സ്വര്‍ത്ത് സൈനിക താവളത്തില്‍ അതിക്രമിച്ചുകയറിയെന്ന സംശയത്തില്‍ രണ്ട് ലാത്വിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. യുകെയില്‍ താമസിക്കുന്ന 32, 36 വയസ്സുള്ള പുരുഷന്മാരാണ് പിടിയിലായത്. സംഭവത്തില്‍ ഭീകരവിരുദ്ധ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി പത്തുമണിയോടെ സുരക്ഷാ പട്രോളിങ്ങിനിടെ പ്രതിരോധ മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കപ്പെട്ട വാഹനം കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് കേംബ്രിജ്ഷയര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ താവളത്തിന്റെ സുരക്ഷാവേലിയുടെ ഒരുഭാഗം തകര്‍ന്നതായി കണ്ടെത്തി. പിന്നാലെ സുരക്ഷാപരിധിക്കുള്ളില്നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
നിരോധിത സ്ഥലത്ത് അതിക്രമിച്ചുകയറല്‍, നാശനഷ്ടമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ സംശയിച്ചായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് ഹാനികരമായ ഉദ്ദേശ്യത്തോടെ നിരോധിത സ്ഥലത്ത് പ്രവേശിച്ചെന്ന സംശയത്തില്‍ 2023ലെ ദേശീയ സുരക്ഷാ നിയമത്തിലെ നാലാം വകുപ്പ് പ്രകാരവും നടപടി സ്വീകരിച്ചു. യൂറോപ്പിലെയും ആഫ്രിക്കയിലെയും പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങളും നാറ്റോയുടെ രഹസ്യാന്വേഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്ന താവളമാണ് മോള്‍സ്വര്‍ത്ത്. ഹണ്ടിങ്ഡണിന് പടിഞ്ഞാറ് നോര്ത്ത്ഹാംപ്ടണ്ഷെയര് അതിര്‍ത്തിക്കു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പീറ്റര്‍ബറോ മേഖലയിലെ രണ്ട് സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ആര്‍എഎഫ് ഫെയര്ഫോര്ഡിലുണ്ടായ സമീപകാല സംഭവവുമായി ഇതിന് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും സംശയാസ്പദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും ഭീകരവിരുദ്ധ വിഭാഗം മേധാവി കമാന്‍ഡര്‍ ഹെലന് ഫ്ലാനഗന് ആവശ്യപ്പെട്ടു.