ലണ്ടന്‍: ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. റെക്കോര്‍ഡ് തോതില്‍ ചികിത്സകളും പരിശോധനകളും നടത്തുന്നുണ്ടെങ്കിലും എന്‍എച്ച്എസിന്റെ കാത്തിരിപ്പുപട്ടിക 2025 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ 62.4 ലക്ഷം രോഗികളാണ് 73.7 ലക്ഷം ചികിത്സകള്‍ക്കായി കാത്തിരിക്കുന്നത്. ജൂലൈയില്‍ ഇത് 62.1 ലക്ഷം രോഗികളും 73.3 ലക്ഷം ചികിത്സകളുമായിരുന്നു. ഒരാള്‍ക്ക് ഒന്നിലധികം ചികിത്സകള്‍ ആവശ്യമായതിനാലാണ് രോഗികളുടെ എണ്ണത്തേക്കാള്‍ ചികിത്സകളുടെ എണ്ണം കൂടുതലാകുന്നത്. പതിവ് ചികിത്സകള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തിലേറെ കാത്തിരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു. ഓഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച് 1,13,339 പേരാണ് ഈ വിഭാഗത്തിലുള്ളത്. നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കുന്ന 2029ഓടെ ഇംഗ്ലണ്ടിലെ 92 ശതമാനം രോഗികള്‍ക്കും 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സ ലഭ്യമാക്കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ നിലവില്‍ 65 ശതമാനം രോഗികള്‍ക്കാണ് ഈ സമയപരിധിക്കുള്ളില്‍ ചികിത്സ ലഭിക്കുന്നത്.
ഇതിനിടെ, ഇതേ കാലയളവില്‍ റെക്കോര്‍ഡ് തോതില്‍ ചികിത്സകളും മെഡിക്കല്‍ നടപടിക്രമങ്ങളും അപ്പോയിന്റ്‌മെന്റുകളും നല്‍കിയതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജീവനക്കാര്‍ നടത്തുന്ന കഠിനാധ്വാനത്തെ ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ ഫ്രാങ്കി സ്വോര്‍ഡ്‌സ് പ്രശംസിച്ചു. ശൈത്യകാലം അടുത്തുവരുന്നതിനിടെ ഫ്‌ലൂവും ശ്വാസകോശ രോഗങ്ങളുമായി അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യസംവിധാനത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ചികിത്സയ്ക്കായി നിരവധി പേര്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കണമെന്ന് സ്വോര്‍ഡ്‌സ് ആവശ്യപ്പെട്ടു. ഫ്‌ലൂ, ആര്‍എസ്വി, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ക്ക് അര്‍ഹരായവര്‍ അവ സ്വീകരിക്കണമെന്നും ശൈത്യകാലം എത്തുന്നതുവരെ കാത്തിരിക്കാതെ വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.