വേക്ക്ഫീല്‍ഡ്: ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം രണ്ടാഴ്ചയോളം വീട്ടിലെ ഫ്രീസറില്‍ ഒളിപ്പിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവ്. ഇംഗ്ലണ്ടിലെ വേക്ക്ഫീല്ഡിനു സമീപം ഹോര്ബറിയില് താമസിച്ചിരുന്ന ഡേവിഡ് ബാരക്ലഫിനെയാണ് (46) ലീഡ്സ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ഭാര്യ കരോളാന് ബാരക്ലഫിനെ (37) കൊലപ്പെടുത്തിയ കേസില്‍ കുറഞ്ഞത് 22 വര്‍ഷവും ഒരു മാസവും തടവില്‍ കഴിയണമെന്നാണ് കോടതി വിധി.
ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. മൂന്ന് കുട്ടികളും വീട്ടിലുണ്ടായിരിക്കെയാണ് കരോളാന് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം വീടിനുള്ളിലെ ഫ്രീസറില്‍ ഒളിപ്പിച്ച ഡേവിഡ്, ഭാര്യ അസുഖബാധിതയായി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചു. കരോളാന്റെ ഫോണില്‍നിന്ന് സന്ദേശങ്ങളയച്ചും ഇവര്‍ ജീവനോടെയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. ഫ്രീസര്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കുട്ടികള്‍ പ്രവേശിക്കുന്നതും തടഞ്ഞു. ഭാര്യ കൊല്ലപ്പെട്ടശേഷവും ഡേവിഡ് പബ്ബുകള്‍ സന്ദര്‍ശിക്കുകയും സംയുക്ത ബാങ്ക് അക്കൗണ്ടില്‍നിന്ന് വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ ഡേറ്റിങ് ആപ് ഡൗണ്‍ലോഡ് ചെയ്തതായും പ്രോസിക്യൂഷന് വ്യക്തമാക്കി. ഫോണ്‍ വിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവ കേസില്‍ നിര്‍ണായകമായി.
മാര്‍ച്ച് അഞ്ചിന് നോര്‍മന്റണ്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയതായി ഡേവിഡ് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഫ്രീസറില്‍നിന്ന് മൃതദേഹം കണ്ടെത്തി. ഭാര്യ ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി തിരിച്ചടിച്ചെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഈ വിശദീകരണം തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാനിരുന്ന ദിവസം ഡേവിഡ് കുറ്റം സമ്മതിച്ചു. ശിക്ഷ പ്രഖ്യാപിക്കുന്നതിനായി കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ വിസമ്മതിച്ചു. കരോളാന്റെ മരണം കുടുംബത്തെ തകര്‍ത്തതായി സഹോദരി കോടതിയില്‍ വായിച്ച പ്രസ്താവനയില്‍ പറഞ്ഞു. കുട്ടികളായിരുന്നു കരോളാന്റെ ജീവിതത്തിന്റെ കേന്ദ്രമെന്നും അവരുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബം വ്യക്തമാക്കി.