കൊച്ചി: ഉപരിപഠനത്തിനായി യുകെയിലേക്ക് പോയ മകളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കോഴിക്കോട് സ്വദേശികളായ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് കേരള ഹൈക്കോടതി. യുവതിയുടെ സാഹചര്യങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ബന്ധപ്പെട്ട അധികാരിയോട് കോടതി നിര്‍ദേശിച്ചു. യുകെയിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ എംബിഎ പഠനത്തിനായാണ് യുവതി വിദേശത്തേക്ക് പോയത്. 2024 ജനുവരി എട്ടിനാണ് കോഴ്സ് ആരംഭിച്ചത്. മകള്‍ വിദേശത്തേക്ക് പോയശേഷം താമസസ്ഥലമോ സുരക്ഷയോ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ അറിയിച്ചത്. ഒപ്പം യാത്രചെയ്ത ഹര്‍ഷ്ദീപ് സിങ് മകളെ അന്യായമായി തടഞ്ഞുവച്ചിരിക്കാമെന്ന ആശങ്കയും അവര്‍ ഉന്നയിച്ചു.
മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ ഹര്‍ഷ്ദീപ് സിങ്ങുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. താനും യുവതിയും സ്വന്തം ഇഷ്ടപ്രകാരം സന്തോഷത്തോടെ ഒരുമിച്ച് കഴിയുകയാണെന്നും സമ്മര്‍ദമോ നിര്‍ബന്ധമോ ഇല്ലെന്നുമാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍, മകള്‍ സ്വന്തം താല്‍പര്യപ്രകാരമാണോ അവിടെ കഴിയുന്നതെന്ന് ഉറപ്പാക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍, ഉത്തരവ് ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ബന്ധപ്പെട്ട അധികാരിയെ അറിയിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു. ഹര്‍ജി ഒക്ടോബര്‍ 28ന് വീണ്ടും പരിഗണിക്കും.