ലെസ്റ്റര്‍: ബ്രിട്ടനിലെ ലെസ്റ്റര്‍ഷെയറില്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ മുഖംമൂടി ധാരികളുടെ കുത്തേറ്റ് അച്ഛനും പതിനഞ്ചുകാരനായ മകനും ഗുരുതര പരുക്ക്. തര്ണ്ബിയിലെ സ്റ്റേഷന് റോഡിലുള്ള വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. ഇരുവരും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരാണ് കുടുംബത്തെ ആക്രമിച്ചത്. അന്‍പതുകളില്‍ പ്രായമുള്ള പിതാവിന് ഒന്നിലധികം തവണ കുത്തേറ്റു. മകനും കുത്തേറ്റതിനു പുറമേ, കുട്ടിയുടെ അമ്മയുടെ കൈയ്ക്കും തോളിനും ചെറിയ പരുക്കുകളുണ്ടായി. ചികിത്സയ്ക്കുശേഷം ഇവരെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. വീട്ടിലുണ്ടായിരുന്ന മറ്റു മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റില്ല.
സംഭവമറിഞ്ഞ് ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന്റെ കാരണവും പ്രതികളുടെ വിവരങ്ങളും കണ്ടെത്താന്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് സ്പെഷല്‍ ഓപ്പറേഷന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പ്രകോപനമില്ലാതെയാണ് കുടുംബത്തിനുനേരെ ആക്രമണമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ബുധനാഴ്ച രാത്രി 11 മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെവരെ സ്റ്റേഷന് റോഡ്, സോമര്‍ബി റോഡ് പ്രദേശങ്ങളില്‍ സംശയാസ്പദമായ ആളുകളെയോ വാഹനങ്ങളെയോ കണ്ടവര്‍ വിവരം നല്‍കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. സിസിടിവി, ഡോര്‍ബെല്‍ ക്യാമറ, വാഹനങ്ങളിലെ ഡാഷ്കാം എന്നിവയില്‍ പതിഞ്ഞ ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പ്രദേശത്തെ കൗണ്‍സിലര്‍ സൈമണ്‍ ഗാള്ട്ടണ് ഞെട്ടല്‍ രേഖപ്പെടുത്തി. പൊതുവെ ശാന്തമായ തര്ണ്ബിയില് ഇത്തരമൊരു ആക്രമണം അപൂര്‍വമാണെന്നും അദ്ദേഹം പ്രതികരിച്ചു.