ബര്‍മിങ്ങാം: യുകെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച നിര്‍മിതബുദ്ധി അധിഷ്ഠിത ക്യാമറകള്‍ രണ്ടാഴ്ചയ്ക്കിടെ കണ്ടെത്തിയത് 19,000ത്തോളം ഗതാഗത നിയമലംഘന സംശയങ്ങള്‍. സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമാണ് പ്രധാനമായും ക്യാമറകളില്‍ പതിഞ്ഞത്. ബര്‍മിങ്ങാമിലെ ലേഡിവുഡ്, വോള്‍വര്‍ഹാംപ്ടണിലെ ഫാളിങ്സ് പാര്‍ക്ക് ഫയര്‍ സ്റ്റേഷനുകള്‍ക്ക് പുറത്തായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്. മാര്‍ച്ചില്‍ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലേഡിവുഡില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതായി സംശയിക്കുന്ന 11,144 സംഭവങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട 1,163 സംഭവങ്ങളും രേഖപ്പെടുത്തി. ഫാളിങ്സ് പാര്‍ക്കില്‍ യഥാക്രമം 6,081, 757 സംഭവങ്ങളാണ് കണ്ടെത്തിയത്.
മുന്‍സീറ്റിലെ യാത്രക്കാരന്റെ മടിയില്‍ സുരക്ഷാബന്ധനങ്ങളില്ലാതെ ചെറിയ കുട്ടിയെ ഇരുത്തിയിരിക്കുന്ന ദൃശ്യവും ക്യാമറ പകര്‍ത്തി. കുട്ടികള്‍ പ്രായത്തിന് അനുയോജ്യമായ സുരക്ഷാസംവിധാനങ്ങളില്ലാതെ യാത്ര ചെയ്യുന്ന നിരവധി സംഭവങ്ങളുമുണ്ടായിരുന്നു. മറ്റൊരു ദൃശ്യത്തില്‍ ഡ്രൈവര്‍ ഇരുകൈകളിലും ഫോണ്‍ പിടിച്ച് റോഡിനു പകരം സ്ക്രീനില്‍ ശ്രദ്ധിക്കുന്നതും കണ്ടെത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമായ അപകടസാധ്യതകളാണ് പരീക്ഷണത്തിലൂടെ വ്യക്തമായതെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് മേയര്‍ റിച്ചാര്‍ഡ് പാര്‍ക്കര്‍ പ്രതികരിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാമറ സംവിധാനത്തിന്റെ കൃത്യത പരിശോധിക്കാന്‍ 8,024 ചിത്രങ്ങള്‍ ജീവനക്കാര്‍ നേരിട്ട് വിലയിരുത്തി. പരീക്ഷണത്തിന്റെ ഭാഗമായതിനാല്‍ ഇത്തവണ പിഴയോ മറ്റു തുടര്‍നടപടികളോ സ്വീകരിച്ചിട്ടില്ല. ഭാവിയില്‍ നിയമനടപടികള്‍ക്കായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ സാധ്യത അധികൃതര്‍ പരിശോധിച്ചുവരികയാണ്.