ലണ്ടന്‍: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തിയാല്‍ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ജനപ്രതിനിധികള്‍ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡിന് കത്തയച്ചു. വിവിധ പാര്‍ട്ടികളില്‍പ്പെട്ട ബ്രിട്ടീഷ്, സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗങ്ങളാണ് സംയുക്ത നയതന്ത്ര ശ്രമം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹസീനയെ വധശിക്ഷയ്ക്ക് വിധേയയാക്കില്ലെന്ന രേഖാമൂലമുള്ള ഉറപ്പ് ബംഗ്ലദേശ് അധികൃതരില്‍നിന്ന് നേടണമെന്നും അത് നടപ്പാക്കാനുള്ള നിയമപരമായ നടപടികള്‍ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍, ജിം ഷാനണ്‍, സീമസ് ലോഗന്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
ഹസീനയ്ക്കെതിരായ ഗുരുതര ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണവും നീതിപൂര്‍വമായ വിചാരണയും അനിവാര്യമാണെന്ന് ജനപ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ ക്രിമിനല്‍ നീതിന്യായ നടപടികള്‍ രാഷ്ട്രീയ പ്രതികാരത്തിനോ എതിരാളികളെ ഒഴിവാക്കുന്നതിനോ ഉപയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വന്തം അഭിഭാഷകരെ തിരഞ്ഞെടുക്കാനും വിധിക്കും ശിക്ഷയ്ക്കുമെതിരെ ഫലപ്രദമായി അപ്പീല്‍ നല്‍കാനും അവസരം ഉറപ്പാക്കണമെന്നാണ് ആവശ്യം.
2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരായ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റങ്ങളുടെ കേസില്‍, ഹസീനയുടെ അഭാവത്തില്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച ഹസീന നിയമനടപടികളുടെ സാധുതയും ചോദ്യം ചെയ്തിട്ടുണ്ട്. ഡിസംബറില്‍ ബംഗ്ലദേശിലേക്ക് മടങ്ങി നിയമനടപടികള്‍ നേരിടാന്‍ ഹസീന താല്‍പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ ഇടപെടല്‍. അന്താരാഷ്ട്ര നിരീക്ഷണത്തിനും ബംഗ്ലദേശിലെ രാഷ്ട്രീയ അനുരഞ്ജന ശ്രമങ്ങള്‍ക്കും ബ്രിട്ടന്‍ പിന്തുണ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.