Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Nov 2026
 
 
UK Special
  Add your Comment comment
സണ്ടര്‍ലാന്‍ഡിന് സമീപം ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; അന്വേഷണം ആരംഭിച്ചു
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ സണ്ടര്‍ലാന്‍ഡിന് സമീപം രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് മുപ്പതുകളില്‍ പ്രായമുള്ള കാല്‍നടയാത്രക്കാരന്‍ മരിച്ചു. നവംബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കുശേഷം എ19 റോഡിലായിരുന്നു അപകടമെന്ന് നോര്‍ത്തംബ്രിയ പൊലീസ് അറിയിച്ചു.

എ1018, എ690 റോഡുകളിലേക്കുള്ള ജങ്ഷനുകള്‍ക്കിടയില്‍ വടക്കോട്ടുള്ള പാതയിലൂടെയാണ് ആംബുലന്‍സ് സഞ്ചരിച്ചിരുന്നത്. അപകടസമയത്ത് വാഹനത്തിലെ നീല അടിയന്തര മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും കാല്‍നടയാത്രക്കാരനെ രക്ഷിക്കാനായില്ല. മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

ആംബുലന്‍സിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന രോഗിയെയും പങ്കാളിയെയും മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റി ആശുപത്രിയിലെത്തിച്ചതായി നോര്‍ത്ത് ഈസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. നാല്‍പ്പതുകളില്‍ പ്രായമുള്ള ഡ്രൈവര്‍ സ്ഥലത്തുതന്നെ തുടരുകയും പൊലീസ് അന്വേഷണവുമായി സഹകരിക്കുകയും ചെയ്തു.

അപകടത്തിന്റെ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ നോര്‍ത്തംബ്രിയ പൊലീസിന്റെ റോഡ്‌സ് പൊലീസിങ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെയോ അതിനു തൊട്ടുമുമ്പുള്ള സമയത്തെയോ സിസിടിവി, ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഇരുദിശകളിലും അടച്ചിട്ട റോഡ് പിന്നീട് തുറന്നു

 
Other News in this category

 
 




 
Close Window