ലണ്ടന്‍: മലയാളി അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫ. ഡോ. ജോയി കൊച്ചുകണ്ടത്തിന്‍കര ജോസഫ് (72) അന്തരിച്ചു. നാട്ടില്‍നിന്ന് യുകെയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം ബര്‍മിങ്ങാം വിമാനത്താവളത്തില്‍ ലഗേജിനായി കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അധികൃതര്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തെ സ്വീകരിക്കാന്‍ മകന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
യുകെയിലെ റെഡിച്ചില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയി കോട്ടയം അരുവിത്തറ സ്വദേശിയാണ്. തിരുവനന്തപുരം കഴക്കൂട്ടത്തും താമസിച്ചിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജില്‍ പ്രഫസറായി പ്രവര്‍ത്തിച്ച ശേഷമാണ് യുകെയിലെത്തി അധ്യാപന-ഗവേഷണ രംഗങ്ങളില്‍ സജീവമായത്.
കുസാറ്റില്‍നിന്ന് ബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡിയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. ഈസ്റ്റ് ലണ്ടന്‍, കവന്‍ട്രി, വെയില്‍സ് സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ലണ്ടനിലെ ബിസിനസ് സ്‌കൂള്‍ ഓഫ് ഇംഗ്ലണ്ടില്‍ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടച്ചുമതലയും വഹിച്ചു. കൗണ്‍സിലിങ്, പരിശീലനം, എഴുത്ത് തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു.
ഭാര്യ: മേരി ജീന്‍. മക്കള്‍: ഷാരോണ്‍ ജോയി, റോമി ജോയി, റെമോ ജോയി. മരുമക്കള്‍: ആഷേലി, അല്ലി സി. കോശി, ജോസ്‌ന ജെയിംസ്. സംസ്‌കാരവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.