ലണ്ടന്‍: വടക്കന്‍ ഇംഗ്ലണ്ടിലും തെക്കന്‍ സ്കോട്ട്ലന്‍ഡിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായേക്കും. ചൊവ്വാഴ്ച ഉച്ചവരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 300-400 മീറ്ററിലധികം ഉയരമുള്ള ചില പ്രദേശങ്ങളില്‍ അഞ്ചു മുതല്‍ 15 സെന്റിമീറ്റര്‍ വരെ മഞ്ഞ് അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. പെനൈന്‍സ് മലനിരകളില്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച പിന്നീട് കുംബ്രിയയിലേക്കും തെക്കന്‍ സ്കോട്ട്ലന്‍ഡിലെ സതേണ്‍ അപ്ലാന്ഡ്സിലേക്കും വ്യാപിച്ചേക്കും. മഞ്ഞുവീഴ്ച A74(M), A66, M62 തുടങ്ങിയ പ്രധാന പാതകളിലെ ഗതാഗതത്തെ ബാധിക്കാനിടയുണ്ട്. ട്രെയിന്‍ സര്‍വീസുകളിലും തടസ്സം നേരിട്ടേക്കും. യാത്രകള്‍ക്ക് പതിവിലും കൂടുതല്‍ സമയമെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വരണ്ടതും തണുത്തതുമായ വായുവിലൂടെ മഴ കടന്നുപോകുമ്പോള്‍ അന്തരീക്ഷം കൂടുതല്‍ തണുക്കുന്നത് മഞ്ഞുവീഴ്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കും. നനവേറിയ മഞ്ഞ് മരക്കൊമ്പുകളിലും വൈദ്യുതി ലൈനുകളിലും അടിഞ്ഞുകൂടാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40-50 മൈല്‍ വേഗത്തില്‍ കാറ്റുകൂടി വീശുന്നതോടെ മരക്കൊമ്പുകള്‍ ഒടിയാനും വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇടയുണ്ട്. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വടക്കന്‍ ഇംഗ്ലണ്ടില്‍ വ്യാഴാഴ്ച രാവിലെ ഒന്പതുവരെ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി തണുപ്പുമായി ബന്ധപ്പെട്ട ആരോഗ്യ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.