ലണ്ടന്‍: അഭയാര്‍ഥി അപേക്ഷ നിരസിക്കപ്പെടുകയും അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തവരെ നാടുകടത്തുന്നതിനു മുമ്പുള്ള അഞ്ച് പ്രവൃത്തിദിവസത്തെ അറിയിപ്പ് കാലയളവ് ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കം. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലില്‍ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ഇതുസംബന്ധിച്ച ഭേദഗതി അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. നിര്‍ദേശം നടപ്പായാല്‍ അപ്പീലില്‍ പരാജയപ്പെട്ടവരെ മുന്‍കൂര്‍ അറിയിപ്പില്ലാതെ തടങ്കലിലാക്കാനും നാടുകടത്തല്‍ നടപടികള്‍ ഉടന്‍ മുന്നോട്ടുകൊണ്ടുപോകാനും കുടിയേറ്റ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ലഭിക്കും. നിലവിലുള്ള അറിയിപ്പ് കാലയളവ് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും അവസരം നല്‍കുന്നതാണ്.
നീക്കത്തിനെതിരെ അഭയാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. മതിയായ സമയം നല്‍കാതെയുള്ള നാടുകടത്തല്‍ ബന്ധപ്പെട്ടവരില്‍ അനാവശ്യമായ മാനസിക സമ്മര്‍ദവും ആശങ്കയും സൃഷ്ടിക്കുമെന്ന് റെഫ്യൂജി കൗണ്‍സില്‍ ഡയറക്ടര്‍ ഇമ്രാന്‍ ഹുസൈന്‍ പറഞ്ഞു. നിര്‍ബന്ധിത നാടുകടത്തലിനെക്കാള്‍ മാന്യമായ സ്വമേധയാ മടങ്ങിപ്പോകല്‍ പ്രോത്സാഹിപ്പിക്കുന്നത് ഫലപ്രദവും ചെലവ് കുറഞ്ഞതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭയാര്‍ഥി അപേക്ഷകരുടെ നിയമസഹായ ലഭ്യതയിലെ കുറവും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലെ ജനസംഖ്യയുടെ 63 ശതമാനം പേര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അഭയാര്‍ഥി നിയമസഹായം നല്‍കുന്ന അഭിഭാഷകരുടെ സേവനം ലഭ്യമല്ലെന്ന് അസൈലം മാറ്റേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലൂയിസ് കാല്‍വി പറഞ്ഞു. ആവശ്യമായ നിയമോപദേശമില്ലാതെ ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് പിന്നീട് തെളിയാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.