ലണ്ടന്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുകെ എംപിയും വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസന കാര്യങ്ങള്‍ക്കായുള്ള ഷാഡോ സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ രംഗത്തെത്തി. ബംഗ്ലാദേശില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ ഭാവി കൈവരിക്കുന്നതിനായി യുകെ സര്‍ക്കാര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
18 ദിവസത്തിനുള്ളില്‍ കുറഞ്ഞത് ആറ് ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പീഡനവും അക്രമവും അസ്വീകാര്യമാണെന്നും പ്രീതി പട്ടേല്‍ യുകെ വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ''ബംഗ്ലാദേശില്‍ വര്‍ദ്ധിച്ചുവരുന്ന മതപരമായ അക്രമങ്ങളും പീഡനങ്ങളും വളരെയധികം ആശങ്കാജനകമാണ്. സമീപ ആഴ്ചകളില്‍ 18 ദിവസത്തിനുള്ളില്‍ കുറഞ്ഞത് ആറ് ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ തോതിലുള്ള പീഡനവും അക്രമവും അസ്വീകാര്യമാണ്,'' കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.
2024 ഡിസംബര്‍ 2-ന് ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന അടിയന്തര ചോദ്യത്തിനിടെ, അന്നത്തെ ഇന്തോ-പസഫിക് മന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചതായും മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായും അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും പ്രാതിനിധ്യം നല്‍കുന്നതിനും തുടര്‍ന്നും നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, കഴിഞ്ഞ വര്‍ഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്, ഹിന്ദു സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് എന്ത് ഉറപ്പുകളാണ് ലഭിച്ചതെന്ന്, യുകെയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറുമായി ഇടപെട്ടിട്ടുണ്ടോ എന്നും പ്രീതി പട്ടേല്‍ കത്തില്‍ ചോദിച്ചു.
അതേസമയം, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെതിരെ മനുഷ്യാവകാശ കോണ്‍ഗ്രസ് രംഗത്തെത്തി. ഏഴ് മാസത്തിനുള്ളില്‍ നൂറിലധികം മരണങ്ങള്‍ രാജ്യത്ത് ഉണ്ടായതായി സംഘടന ആരോപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളല്ല, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന രാജ്യവ്യാപകമായ രീതിയാണ് അക്രമം പ്രതിഫലിപ്പിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
2025 ജൂണ്‍ 6 മുതല്‍ 2026 ജനുവരി 5 വരെ, ബംഗ്ലാദേശിലെ 8 ഡിവിഷനുകളിലും 45 ജില്ലകളിലുമായി 116 ന്യൂനപക്ഷ മരണങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ആള്‍ക്കൂട്ടക്കൊല, കൊലപാതകം, സംശയാസ്പദമായ മരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു