ലണ്ടന്‍: കുടിയേറ്റക്കാര്‍ വിദേശ ഭാഷകളില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് യുകെ നിരോധിക്കുന്നു. ഇനി ഇംഗ്‌ളീഷിലോ വെല്‍ഷിലോ മാത്രമായിരിക്കും ടെസ്റ്റ്.
ഇപ്പോള്‍ ഇംഗ്ലീഷും വെല്‍ഷും കൂടാതെ 19 വിദേശ ഭാഷകളില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള തിയറി പരീക്ഷയിലും പ്രാക്റ്റിക്കല്‍ ടെസ്റ്റിലും പങ്കെടുക്കാന്‍ അനുമതിയുണ്ട്. ഇതിന് പരിഭാഷകരെ വയ്ക്കുകയും ചെയ്യാം.
എന്നാല്‍, പരിഭാഷകര്‍ വഴി തട്ടിപ്പു വ്യാപകമാകുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപേക്ഷകര്‍ക്ക് കാര്യമായ തിയറി പരിജ്ഞാനമില്ലെങ്കിലും, വിവരമുള്ള പരിഭാഷകനെ ഉപയോഗിച്ച് ടെസ്റ്റ് കടന്നുകൂടുന്ന പ്രവണത വ്യാപകമായിരുന്നു.
ഇത് റോഡ് സുരക്ഷയെപ്പോലും ബാധിക്കുന്നു എന്നു സര്‍ക്കാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം വരുന്നത്. യുകെയില്‍ പ്രതിവര്‍ഷം 145,000 ഡ്രൈവിങ് ടെസ്‌ററുകള്‍ വിദേശ ഭാഷകളില്‍ നടക്കുന്നുണ്ട്.