ലണ്ടന്‍: യുകെയിലേക്കുള്ള ബെനിഫിറ്റ് ടൂറിസത്തെ എന്തു വില കൊടുത്തും തടയുമെന്ന് വെല്‍ഫെയര്‍ സെക്രട്ടറി ഇയേന്‍ ഡങ്കന്‍-സ്മിത്ത്. ഇതിനു വേണ്ടി യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷത്തിനും തയാറാണ്. ബെനിഫിറ്റ് ടൂറിസം തടയുന്നതിനുള്ള നിയമ നിര്‍മാണം യുകെ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഒരു വര്‍ഷമെങ്കിലും യുകെയില്‍ സ്ഥിരമായി താമസിക്കാതെ സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരാകാത്ത തരത്തില്‍ നിയമ ഭേദഗതി നടപ്പാക്കും. അടുത്ത വര്‍ഷത്തോടെ റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നുമുള്ള കുടിയേറ്റം ശക്തമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രി വ്യക്തമാക്കി.
ബ്രിട്ടനിലെ ഉദാരമായ സര്‍ക്കാര്‍ ആനുകൂല്യങ്ങളാണ് യൂറോപ്യന്‍ കുടിയേറ്റക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നത്. എന്നാല്‍, കഠിനാധ്വാനം ചെയ്യാനും നികുതി അടയ്ക്കാനും തയാറുള്ളവ കുടിയേറ്റക്കാരെയാണ് യുകെയ്ക്ക് ആവശ്യമെന്ന് ഡങ്കന്‍-സ്മിത്ത് വ്യക്തമാക്കി.