ലണ്ടന്‍: യുകെയില്‍ വിദേശ കുടിയേറ്റക്കാര്‍ക്കു വേണ്ടി പുതിയ റെസിഡന്‍സി ടെസ്റ്റ് ഏര്‍പ്പെടുത്തുന്നു. ഈ ടെസ്റ്റ് പാസാകുന്നവേര്‍ക്കു മാത്രമേ രാജ്യത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെയും പ്രയോജനം ലഭിക്കൂ.
പദ്ധതികള്‍ യഥാര്‍ഥത്തില്‍ യുകെയില്‍ സെറ്റില്‍ ചെയ്തവര്‍ തന്നെയാണെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ടെസ്റ്റ് എന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. വിദേശ കുടിയേറ്റക്കാര്‍ക്ക് യുകെ അനായാസ ലക്ഷ്യമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആനുകൂല്യം നിഷേധിക്കപ്പെട്ടതിനു കോടതിയെ സമീപിക്കുന്ന വിദേശികള്‍ക്ക് മേലില്‍ നിയമ സഹായവും ലഭ്യമാക്കില്ല. ആരോഗ്യരക്ഷ, തൊഴിലില്ലായ്മാ വേതനം തുടങ്ങി ആനുകൂല്യങ്ങള്‍ നേടുന്നതിനും ടെസ്റ്റ് നിര്‍ബന്ധമായിരിക്കും.
വിദേശികള്‍ അര്‍ഹതയില്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൗണ്‍സില്‍ വീടുകളുമൊക്കെ വാങ്ങുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തുന്ന ടെസ്റ്റിന് അന്തിമ രൂപം നല്‍കാന്‍ ജസ്റ്റിസ് സെക്രട്ടറി ക്രിസ് ഗ്രേയ്‌ലിങ്ങിനോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും കാമറൂണ്‍.